മരിച്ചു പോയവന്റെ
പെട്ടിയടുക്കുമ്പോള്‍
വിലപ്പെട്ടതൊന്നുമുണ്ടായില്ല
മരണം തീണ്ടിയ
ജംഗമ വസ്തുക്കള്‍
അടയാത്ത കണ്ണുകളായി
തുറിച്ചു നോക്കി
എക്സ്പെയറായ ക്രെഡിറ്റ് കാര്‍ഡുകള്‍
വിലകൂടിയ പെര്‍ഫ്യൂമുകളുടെ
ഒഴിഞ്ഞ കുപ്പികള്‍
പൂര്‍ത്തിയാകാത്ത വീടിന്റെ
സ്വപ്ന ചിത്രം
കടല്‍ക്കരയിലും
വലിയ ഷോപ്പിങ് മാളിനുമുന്നിലും
പുല്‍ത്തകിടിയിലും
കൂട്ടുകാര്‍ക്കു നടുവിലും
ടൈയിലും കൂളിങ് ഗ്ലാസ്സിലും
കോട്ടിലും
എനിക്കു സുഖമാണെന്ന
ഛായാചിത്രങ്ങള്‍
നിങ്ങള്‍ക്കു സ്വസ്ഥമായി മരിക്കാം
ഇന്‍ഷൂറന്‍സ് കമ്പനിയുടെ
ആശംസാ കാര്‍ഡുകള്‍
ഓര്‍മ്മയില്‍ ഞെട്ടി
ആരോ അയച്ച അര്‍ധനാരീശ്വര ചിത്രം
ജീവിച്ചതിനു തെളിവായി
ഡയറിയില്‍ ക്റ്ത്യമായി കുറിച്ച
കണക്കുകള്‍ക്കിടയില്‍
മകളുടെ കത്തുവന്നദിവസം മാത്രം
കോറിയിട്ട ആഹ്ലാദത്തിന്റെ നാലുവരികള്‍
കാണാതെ കാലം
ചെറുതാക്കി കളഞ്ഞ ഉടുപ്പുകള്‍
ഒറ്റരാത്രിയുടെ സ്മാരകം പോലെ
പൊതിഞ്ഞുവെച്ച
പെണ്ണടിവസ്ത്രങ്ങള്‍
മരണം അവശേഷിപ്പിച്ചിതും
ജീവിതത്തില്‍ നില നിന്നതും
പെട്ടിയില്‍ ഒതുങ്ങാതെ കിടന്നു
എത്ര ശ്രമിച്ചിട്ടും
അടയാത്ത കണ്ണുപോലെ
മഴ തോര്‍ന്ന വൈകുന്നേരം
പൂര്‍ത്തിയാകാത്ത വീടിന്റെ മുറ്റത്തേക്കു
ഉരുണ്ടുവരുന്ന
കറുപ്പും ചുവപ്പും വരകളുള്ള പെട്ടി
മറ്റൊരു ശവശരീരമാണ്
ചോരവട്ടം : ഭൂതകാലാനുഭവങ്ങളുടെ സമകാലികത്വം
4 weeks ago

2 comments:
ellam orumichu vaayichu.interesting.
Anoop , your words will only strengthen the memories of our Venuchettan ...
Post a Comment