Monday, July 5, 2010

ജൂലായ് അഞ്ച്

ഇടപ്പള്ളി രാഘവന്‍ പിള്ള
എനിക്ക്
ഒരോ പ്രണയത്തിന്റെ തകര്‍ച്ചയിലും വളര്‍ച്ചയിലും
ഏകാന്തതയുടെ അള്‍ത്താരയില്‍ മുട്ടു കുത്തിനിന്ന് ഓര്‍മ്മിച്ചെടുക്കുന്ന
കുരിശേറിയ പ്രണയരൂപമാകുന്നു
മരണവും പ്രണയവും ഇണചേര്‍ന്നുകിടന്ന
കവിതയുടെ നിഷ്കളങ്ക ശരീരം

അയാള്‍ക്ക് പ്രണയം
ഹൃദയതാളത്തിനൊപ്പമോ
അതാളത്തിലോ മിടിച്ചുകൊണ്ടിരുന്ന
ശരീരത്തില്‍ പടര്‍ന്ന,
മരണത്തില്‍ നിന്ന് ഒരോ നിമിഷവും
തട്ടിതെറിപ്പിച്ചുകൊണ്ടേയിരുന്ന
പുതു അവയവം

പ്രണയത്തിന്റെ മരണമോ
മരണമതിന്റെ പ്രണയത്തെ കവര്‍ന്നെടുത്തതോ
മരണത്തിന്റെ നിശ്ശബ്ദ പ്രണയം
കാമുകിയുടെ ഉപേക്ഷിക്കലിനെ
സാര്‍ത്ഥകമാക്കിയതോ
ഏതായിരിക്കും സംഭവിച്ചിരിക്കുക

പ്രണയത്തിനും മരണത്തിനും
കരുക്കള്‍ നിരത്തിയ കാവ്യക്കളമേ
പ്രണയത്തിനും മരണത്തിനും
കാണിയും നടനുമായി
മാറിമാറി കളിക്കാനിടമായവനേ

ഈ പാതിരാവില്‍
ഇടങ്ങളെല്ലാം മണലെടുത്തവന്റെ
അപ്രണയിയാമൊരുവന്റെ
പ്രാര്‍ത്ഥനകളാല്‍
നിന്റെ പള്ളി നിറക്കുന്നു

പ്രണയിക്കാനറിയാത്തവന്
ജീവിതം മരണമാകുന്നു
പ്രണയിക്കാനറിയുന്നവന്
മരണം ജീവിതമാകുന്നു

എനിക്ക് പ്രണയിക്കാനറിയില്ലെന്ന്
ഇപ്പോള്‍ ജീവിതം
മണിമുഴക്കിക്കൊണ്ടിരിക്കുന്നു

ഇടപ്പള്ളിയുടെ മണിനാദം കേള്‍ക്കുക