Saturday, February 21, 2009

ജി പി എസ്പ്രിയമുള്ളവളേ
ഞാനിവിടെയാണ്
ഇവിടെ..
ഈ വലിയ ഷോപ്പിങ്ങ് മാളിനുള്ളില്‍
ഈ ചെറിയ ബെഞ്ചില്‍

കൃത്യമായി പറഞ്ഞാല്‍
ALDO ക്കു പുറകിലായി
MANGO ക്കു വലതു വശത്തായി
GIORDANO ക്കു തൊട്ടുമുന്നിലായി
Pepe Jeans ന്റെ ഇടതു വശത്തായി
ഞാനുണ്ട്


പ്രിയമുള്ളവളേ
ഞാനെവിടെയാകും
കാലങ്ങള്‍ കഴിഞ്ഞു
എന്നെ തിരയുമ്പോള്‍

COCO COLA ഉള്‍ക്കടലില്‍
PEPSI മഹാസമുദ്രങ്ങളില്‍
NIKE പീ0ഭൂമിയില്‍
MARLBORO മഴക്കാട്ടില്‍
SHELL മരുഭൂമിയില്‍
NESTLE സമതലത്തില്‍
BASKIN ROBINSON ധ്രുവപ്രദേശങ്ങളില്‍
GLAXO പര്‍വ്വതനിരകളില്‍
AQUA FINA നദികളില്‍
PHILIPS ചന്ദ്രനില്‍‍
MACDONALD ഉപഭൂഖണ്ഡത്തില്‍
BOSCH സൂര്യനു താഴെ..

ആ ലോഗോളത്തിനുള്ളില്‍
നിനക്കുണ്ടെന്നു തോന്നിപ്പിക്കുകയും
എനിക്കു ഞാന്‍ ഇല്ലെന്നു തോന്നിപ്പിക്കുകയും ചെയ്യുന്ന
രണ്ട് രേഖകള്‍ കൂട്ടിമുട്ടുന്ന
ഒരു ബിന്ദുവില്‍
എവിടെയോ ഞാന്‍
എവിടെയോ ഇല്ല ഞാന്‍

Wednesday, February 18, 2009

എന്നെയെഴുതാത്തതെന്തു നീ....


എന്നെക്കുറിച്ചു മാത്രം
എന്നെക്കുറിച്ചു മാത്രം
എഴുതാത്തതെന്തു നീ
എന്നെയും കവിതയാക്കത്തതെന്തു നീ

കുത്തി നിറക്കും കണ്ണില്‍ കണ്ടതെല്ലാം
നിരത്തും മണ്ണിലറിഞ്ഞതെല്ലാം
നിന്നെ കോര്‍ത്ത പെണ്ണുങ്ങള്‍
നിന്നെ തകര്‍ത്ത ആണുങ്ങള്‍
തിന്നു തീര്‍ത്ത പല രുചികള്‍ രാജ്യങ്ങള്‍
കുടിച്ച മദ്യത്തെ സ്തുതിച്ച്
വലിച്ചു തീര്‍ത്ത വിരലുകളെക്കുറിച്ച്

ഞാന്‍ മാത്രം കേള്‍ക്കുമധോവായു
ലോകമറിയാത്ത വായ്നാറ്റം
മുറി മുഴക്കും കൂര്‍ക്കം വലി
ഞാന്‍ മാത്രമറിഞ്ഞ നിന്റെ വട്ടചൊറി
ഞാനിപ്പോഴും ഐസിട്ടു കാക്കും നിന്‍ പൂര്‍വ്വകാമുകിമാര്‍
‍ഞാന്‍ പെറ്റ നിന്റ്റെ കുഞ്ഞുങ്ങള്‍
‍ഞാനൊറ്റക്കു കരേറിയ
നിന്നെയോര്‍‍ത്തോര്‍ത്തു ചതുപ്പായ രാത്രികള്‍
കവിത മൂക്കുമ്പോഴുള്ള നിന്‍‍ വളിച്ച മൌനങ്ങള്‍
നീ‍ തെല്ലും പകരാത്ത
ഞാനേറെ ആശിച്ച പ്രണയപ്പനികള്‍
‍നിന്നിലെ സകല മൃഗങ്ങള്‍ക്കുംഇരയായ്
തീര്‍ന്നു തീര്‍ന്നില്ലാതാകുന്ന
എന്നെക്കുറിച്ചുമാത്രം
എന്തേ???

പ്രിയമുള്ളവളേ
കവിതയെന്നാല്‍ ജീവനോടെ കുഴിച്ചുമൂടി
ജനന തിയ്യതി മാത്രം കുറിക്കപ്പെട്ട
കല്ലറകളാണ്
മരണം നിശ്ചയിക്കുന്നത്
ആരെന്നെനിക്കറിയില്ല
സ്മാരകങ്ങള്‍ക്കുള്ളിലതു ജീവിക്കുന്നുവോ
മരിക്കുന്നുവോ
ഞാന്‍ തിരക്കാറില്ല

ഒന്നെനിക്കറിയാം
എന്റെ ബോധത്തിനു ചുറ്റും
കവിതയാകാന്‍ വിധിക്കപ്പെട്ടവരുടെ
നീണ്ട വരികളെ

നിന്നെക്കുറിച്ചു ഞാന്‍ എഴുതുകില്ലോമനേ
നീയെനിക്കിതുവരെ സ്മരണയല്ലോമനേ
നിന്നെ ഞാന്‍ ജീവനോടെ അടക്കുകില്ലോമനേ
Saturday, February 14, 2009

ചെ-ചെ

ചെയെ നെഞ്ചിനുമുകളില്‍
ഷര്‍ട്ടില്‍ ചേര്‍ത്തു വെച്ച നീയും
ചെയെ നെഞ്ചിനുള്ളില്‍
ഹൃദയത്തില്‍ മിടിപ്പിച്ച ഞാനും
മകനേ ,ഇത്രയല്ലേയുള്ളൂ
നാം തമ്മിലുള്ള ദൂരം

Tuesday, February 10, 2009

ഞാന്‍ പുരുഷന്‍നാപ്കിന്‍ മാറ്റുമ്പോള്‍
‍ചന്തി കഴുകി കൊടുക്കുമ്പോള്‍
‍എണ്ണ തേപ്പിക്കുമ്പോള്‍
കുളിപ്പിക്കുമ്പോള്‍
ക്രീം പുരട്ടുമ്പോള്‍
‍ഉടുപ്പണിയിക്കുമ്പോള്‍
വാതില്‍ ചാരി
ഒരുമിച്ചു കളിക്കുമ്പോള്‍
‍കെട്ടിപ്പിടിച്ചുറങ്ങുമ്പോള്‍

ആരോ
എന്തോ
പിന്‍തുടരുന്നതു പോലെ
സ്വകാര്യതകള്‍ മുറിയുമ്പോള്‍
‍മനസ്സറിയും പോലെ
ഒളിപ്പിച്ചുവെച്ച ക്യാമറ
ഒപ്പിയെടുക്കും പോലെ
*180 ഡിഗ്രിയുടെ കണ്‍വെട്ടത്തില്‍ പെടാതെ
പുറകില്‍ അദൃശ്യമായി നില്ക്കും പോലെ
എനിക്കറിയാനാകുന്നു ചൂടുള്ള സാന്നിദ്ധ്യം

അതു മറ്റൊന്നുമായിരുന്നില്ല
ഭയത്തിന്റെ
ആശങ്കയുടെ
ആകുലതയുടെ
അവിശ്വാസത്തിന്റെ
രണ്ടു കണ്ണുകളായിരുന്നു
എന്റെ മകളുടെ
അമ്മയുടെ കണ്ണുകള്‍


* കിംകി ഡുക്കിന്റെ ത്രീ അയേണ്‍ എന്ന സിനിമ ഓര്‍മ്മിക്കുന്നു
Sunday, February 8, 2009

ചുള്ളിക്കാട്


*തമ്പിന്‍ മുപ്പതാം വാര്‍ഷികോത്സവം
തിരുനാവായാ മണ‍ല്‍പ്പുറത്ത്
ഉള്ളിലാളൂരിലെ മൂത്തകള്ള്
ഉള്ളിമൂപ്പിച്ച മുതിരത്തോരന്‍
വരുംവഴി എടപ്പാളിലിടുങ്ങിനിന്നു
മോന്തിയ വിയര്‍ത്ത ബിയര്‍


ബലിയിടും പടവില്‍ മുങ്ങിയപ്പോള്‍
മരിച്ച കുഞ്ഞുങ്ങള്‍ മത്സ്യമായ് കൊത്തി
മാറാ മുറിവിപ്പോള്‍ വിങ്ങുന്നു
വിങ്ങുന്നൂ കിടപ്പിലായ പുഴ
ഒഴുക്കിയ ജലത്തെയോര്‍ത്ത്
ഭോഗിച്ചു ഭോഗിച്ചു ശോഷിച്ച
മണലിന്നുടലിനുമേല്‍ വീണ്ടും
ആര്‍ത്തിയോടെ പുണരും സന്ധ്യ


അരവിന്ദന്‍ പല ചിരാതുകളായി
നിളയിലലയുന്നു, ഹരിഗോവിന്ദന്‍
‍ഇടശ്ശേരിചൊല്ലിയിടയ്ക്കയില്‍
കുറ്റിപ്പുറം പാലം പൊളിയുന്നു
അക്കരയിക്കരെ നില്‍പ്പവര്‍ വഴിമുറിഞ്ഞാ-
ഴമില്ലായ്മയിലേക്കൊഴുകുന്നു


പോകനൊരുങ്ങവേ
മണലില്‍ നിന്നുയര്‍ന്ന കൈകള്‍
‍കാ‍ലില്‍ കെട്ടിപ്പിടിച്ചു കെഞ്ചി
പട്ടാമ്പിപ്പുഴയില്‍ പണ്ടു കുളിക്കുമ്പോള്‍
ചുഴിയിലൊടുങ്ങിയ ചങ്ങാതിയോ നീ
ആരൊക്കെയോ വേദിയില്‍ വരുന്നു
ആര്‍? ആരെന്നുമറിയാതായി


എന്റെ മുന്നിലിരിപ്പുണ്ട്
നോക്കിയ എറിക്ക്സണ്‍ സാംസങ്ങ്
എല്‍ ജീ മോട്ടറോള ഐമേറ്റ്
ഇറുകിയ ഷര്‍ട്ടില്‍ പാന്റ്സില്‍
മസില്‍പ്പെരുക്കി മുടിനിവര്‍ത്തി
മധുരപ്പതിനേഴിന്നവതാരങ്ങള്‍
‍എസ്സെമെസ്സില്‍ മിണ്ടിയും
റിങ്ടോണില്‍ കലഹിച്ചും


പെട്ടെന്നതാ പരിചിതശബ്ദമരങ്ങില്‍
ഉടഞ്ഞ ഘടമൊട്ടിച്ചു മുട്ടും മുഴക്കത്തില്‍


‍പാതാളത്തില്‍ നിന്നവര്‍ തലപൊക്കി
ക്യാമറയിലൂടെനോക്കിപ്പറഞ്ഞു
ഇതയാളല്ലേ കരയും സീരിയലിലെത്തും പതിവുകാരന്‍
വീണ്ടുമവര്‍ പരസ്പരമയച്ചു രമിച്ചു
ഒളിച്ചു പകര്‍ത്തിയ കാലുകള്‍ മുലകള്‍ തുടകള്‍
‍വെട്ടിമാറ്റിയ തലകള്‍ ജീവിതങ്ങള്‍ ശവങ്ങള്‍


ഓ അയാള്‍
എന്റെ പതിനേഴിന്‍ തുടക്കത്തില്‍
‍എവിടെ ജോണെന്നു ചോദിച്ചെന്റെ കൌമാരത്തെ
എനിക്കറിയില്ലെന്നു മുട്ടുകുത്തിച്ചവന്‍
ജീവനോടെ തോലുരിഞ്ഞ വാക്കുകളഴിച്ചു വിട്ടവന്‍
എങ്ങെന്നില്ലാതെ കുതിക്കും ജീവിതത്തില്‍ നിന്നെന്നെ
കവിതയിലേക്കുന്തി മുഖമടച്ചു വീഴ്ത്തിയവന്‍
എരിയാന്‍ തുടങ്ങുമെന്നകങ്ങളെ നിന്‍ കാറ്റാല്‍
‍ആളിപ്പടര്‍ത്തിയതില്‍ കുറച്ചു കെട്ടെങ്കിലും
പണ്ടാരം പിടിക്കാന്‍ ഓര്‍മമകളതു-
മരണമില്ലാതെ തൂങ്ങിയാടുന്നതെന്തിന്


അന്ന് കൊടും മഴയിലും കത്തും വനം നീ
ദൂരെ ഞാന്‍ നിന്നെ കണ്ടു പൊള്ളി
തുരുതുരാ വലിക്കും സിഗരറ്റുകള്‍
കുത്തിക്കെടുത്തിയതെന്‍ ഹൃദയത്തിലായിരുന്നല്ലോ


തകര്‍ന്നപ്പാലത്തിന്നടിയില്‍ നദി നിശ്ചലമതിന്നി-
രുകരകള്‍ സമാന്തരമായതിവേഗമൊഴുകി* അരവിന്ദന്റെ സിനിമ

Tuesday, February 3, 2009

എന്റെ പത്മിനീ ....


*അവീര്‍
ട്രക്കും ട്രയിലറും
മേയുംമേടാ‍ണ്
തലയറ്റ് വാലറ്റ്
തലയും വാലുമില്ലാതെ
ഉടല്‍ മാത്രമാ‍യി വിശ്രമിക്കുമിടം
അറ്റുപോയതെല്ലാം യോജിച്ച്
പൊടുന്നനെ ജീവനെടുത്തു പായും
ജന്തുക്കള്‍ വാഴും കാട്

ഇവര്‍ക്കിടയില് ‍പൊടിപിടിച്ചു നീ കിടക്കുന്നു
പത്മിനീ എന്റെ പ്രിയപ്പെട്ടവളേ
നെഞ്ചില്‍ മെര്‍സിഡസ് ലോഗോ അണിഞ്ഞ്
എന്തോ ആവാന്‍ മെനക്കെട്ട്
ഒന്നുമാവാതെ
കുറേ തകര്‍ന്ന വണ്ടികള്‍ക്കിടയില്‍
‍നിന്റെ പത്മിനീശയനം

അടുത്ത വീട്ടിലെ
ഗള്‍ഫുക്കാരന്‍ജോണിയേട്ടന്റെ
സ്ത്രീധനമായി ആദ്യമായി നിന്നെ തൊട്ടു
ക്രീം നിറത്തില്‍
നീ വേഷ്ടിയുടുത്ത നായരുപെണ്ണ്
നിന്റെ ഞരക്കത്തില്‍ ‍ഞങ്ങള്‍ രതിമൂര്‍ഛയിലായി
നിനക്കു കണ്ണുപറ്റാതിരിക്കാനാണു
മോളിച്ചേച്ചിയെന്നു
അടക്കം പറഞ്ഞു
സോപ്പെടുത്തോ തോര്‍ത്തെടുത്തോ
സോപ്പു പെട്ടി വരുന്നേ
ശത്രുക്കള്‍ കുശുമ്പു കുത്തി

ജോണിയേട്ടന്‍ തിരിച്ചു പോയപ്പോള്‍
‍നാല് ടയറുമഴിഞ്ഞ് കട്ടപ്പുറത്തേറി
ഒപ്പം മോളിചേച്ചിയും

ഇതാ നീ ഇവിടെ
എക്സ് 5 നോടും ലാന്റ് ക്രൂയിസറിനോടും
ലാന്റ് റോവറിനോടും നിസ്സാന്‍ പട്രോളിനോടും മല്ലിട്ട്
കടഞ്ഞെടുത്ത ഉടലുകളില്‍
വീതി കൂടിയ ജീവതത്തില്‍
‍ചെറുതായി ചെറുതായി
എത്ര ഓടിയിട്ടും എങ്ങുമെത്താതെ
ചന്തമെല്ലാം ആപേക്ഷിമെന്നറിവില്‍
‍പൊടിപിടിച്ച് ആര്‍ക്കും വേണ്ടാ‍തെ
ഉപേക്ഷിക്കപ്പെട്ട ആയപോലെ
പിടികൊടുക്കാന്‍ കാത്തുനില്‍ക്കും
നിയമരേഖകളില്ലാത്തവളെപ്പോലെ


തിളങ്ങുന്ന വീഥിയില്‍
നീ കോമാളിയായിട്ടുണ്ടാകും
വൃദ്ധവേശ്യയെപ്പോലെ
നീ പരിഹാസ്യയായിക്കാണണം
എസ്കലേറ്ററില്‍ കയറാന്‍ ഭയക്കും
നാട്ടിന്‍ പുറത്തുക്കാരിയെപ്പോലെ
അതോ ഇതെനിക്കുള്ളിടമല്ലെന്നറിഞ്ഞ്
താനേ ഒഴിഞ്ഞതോ
പൂട്ടിയിട്ട മുറിയില്‍ നിന്നു
രക്ഷപ്പെട്ട മറ്റൊരു ഇരയോ

തിരിച്ചുപോയാല്‍
ഒരു വഴിയും നിന്റ്റേതാകില്ല
കാലഹരണപ്പെട്ട പ്രസ്ഥാനം പോലെ
ആരും ശ്രദ്ധിക്കാതെയാകും
‍ടൊയോട്ടയും ഹോണ്ടയും ഹയുണ്ടായും
സ്ക്കോഡയും ഫോര്‍ഡും ഷെവര്‍ലയും
ഭൂതകാലം മറന്ന നിന്റെ ഇടവഴികളിലുരുളുന്ന
വലുതായ യാഥാര്‍ത്ഥ്യമാണ്
അവര്‍ക്കിടയില്‍ നീ
മദ്യവിരുദ്ധ സമരം നയിക്കുന്ന ഗാന്ധീയനെപ്പോലെ
അപഹാസ്യമാകും
ചിലപ്പോള്‍ അമ്പാസഡര്‍
‍ചെറിയ ഉള്‍മാറ്റങ്ങളുള്ള
മാര്‍ക്സിസ്റ്റുക്കാരനെപ്പോലെ
നിന്നക്കൊരു തോള്‍ തന്നേക്കാം
ഉറപ്പില്ല
നീയോടിയ ദൂരങ്ങള്‍
വീണ്ടുംപൂജ്യത്തിലേക്കു മടങ്ങും

അധികം വൈകാതെ
ഒരു ഉരുക്കു കൈ തട്ടിപ്പരത്തും വരെ
തുരുമ്പെടുത്തു അനാഥമായി തന്നെ കിടക്കും
നിന്റെ ജീവിതം
മറ്റേതൊരു കുടിയേറ്റ ജീവിതം പോലെ.


*ദുബായിലെ ട്രക്കുകളുടെയും ട്രയിലറുകളുടെയും ഗാരേജുകളുള്ള വളരെ ഇറുകിയ സ്ഥലം.

Sunday, February 1, 2009

സെക്കണ്ട് ഹാന്റ്
ഇതാണ് ഷോറൂം

പോര്‍ഷെ കയീനൊരു വെട്ടു സ്രാവാണ്

നിസ്സാന്‍ മുറാനോ നീ‍ര്‍നായ

ജി എം സി ബ്ലേസര്‍ സടകുടഞ്ഞ സിംഹം
ജീപ്പ് റാങ്ഗ്ലര്‍ കഴുതപ്പുലി
കലമാനാണു റേഞ്ച് റോവര്‍
കഴുത ടൊയോട്ട കൊറോള
മുയലിനെപ്പോല്‍ ഡൈഹാട്സു സിറിയോണ്‍
കടലാമയാണു ഫോക്സ് വാഗണ്‍ ബീറ്റില്‍
എലിയെപ്പോല്‍ ഹോണ്ട ജാസ്
മലവണ്ടു റാവ് 4
ചിറകുവിടര്‍ത്തിയ കഴുകന്‍ ലംബോര്‍ഗിനി
ചീറ്റയെപ്പോല്‍ ജാഗ്വാര്‍

തടവിലായ അമേരിക്കന്‍ ഭടന്‍ ഹമ്മര്‍ എച്ച് 3
മരുക്കൊള്ളക്കരനെപ്പോല്‍ ലാണ്ട് ക്രൂയിസര്
‍ബദുവിനെപ്പോല്‍ നിസ്സാന്‍ പട്രോള്
‍ജെല്‍ പുരട്ടി ടൈ കുടുക്കിയ എക്സിക്യുട്ടീവ് ബി എം ഡ്ബ്ലിയു X5
പാതിമുടികൊഴിഞ്ഞ ആഡ്യന്‍ മെര്‍സിഡസ് ML3

പുറകിലാണു
സ്ക്രാപ്പ് യാര്‍ഡ്
വന്നു കാണൂ

അച്ഛന്റെ കാഴ്ച്ചയുള്ള ഒറ്റക്കണ്ണ്
അമ്മയുടെ കേടുവരാത്ത പല്ല്
കാറപകടത്തില്‍ മരിച്ച കൂട്ടുക്കാരന്റെ
തകരാത്ത ഹൃദയം
കെട്ടിടത്തില്‍ നിന്നും ചാടിമരിച്ചകുട്ടികളുടെ
ഒടുക്കത്തെ ചിരി
തൂങ്ങിമരിച്ച തൊഴിലാളികളുടെ
തുളവീണ ശ്വാസകോശം
ബലാത്സംഘം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ
തുന്നിക്കെട്ടിയ യോനി
വിശപ്പുകൊണ്ടു പോക്കറ്റടിച്ചവ്ന്റെ മുറിച്ചെടുത്ത കൈ
കുടിയൊഴിക്കപ്പെട്ടവരുടെ
വണ്ടിക്കടിപ്പെട്ടു കലങ്ങിയ തലച്ചോര്‍
ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട പെണ്ണുങ്ങളുടെ
ചിന്നിയ ഗര്‍ഭപാത്രം
വീടുതടങ്കലില്‍ മരിച്ച ചിത്രകാരന്റെ
വളഞ്ഞ വിരലുകള്‍
‍മുദ്രവെക്കപ്പെട്ട തുറന്ന വായ്
ഇല്ലാതായ്ക്കൊണ്ടിരിക്കുന്ന ജനതയുടെ
അവസാനമായി ചുരുട്ടിയ മുഷ്ടികള്‍
അനന്തമായ അശാന്ത യാത്രകളുടെ
കാല്‍പ്പാദങ്ങള്‍

എന്താണന്വേഷിക്കുന്നതു സര്‍
ഇനിയും കിട്ടിയില്ലേ
തീര്‍ന്നിട്ടില്ല സര്‍
വന്നാട്ടെ