Saturday, June 13, 2009

ആള്‍വരപ്പുകള്‍ - രണ്ട്

ശങ്കരേശന്‍

തബാക്കു സിഗരറ്റു
ചുണ്ടില്‍ നിന്നെടുക്കാതെ
ബാലന്‍ കെ നായരെപ്പോലെ
ചിറികോട്ടി
മറ്റാര്‍ക്കുമെളുപ്പത്തില്‍
പ്രാപ്യമല്ലാത്ത
പുളിയുടെ ഉടലുകളെ
പിച്ചി ചീന്താന്‍ തുടങ്ങി.
ഇടക്കിടക്കു
നീലിത്തള്ളയെ നാണത്തില്‍
വീഴത്തിക്കൊണ്ട്


അനായസതയുടെ സംഗീതം
ഉടലിന്റെ ബലിഷ്ഠതയില്‍
ആരോഹണ അവരോഹണങ്ങള്‍
തീര്‍ത്തുകൊണ്ടിരുന്നു
അയലത്തെ സുശീലേടത്തിയും
എന്റെ അമ്മയും
അതു നോക്കി നില്‍ക്കാന്‍ മാത്രം
വര്‍ത്തമാനം പറഞ്ഞു
അവധി കിട്ടാത്ത ഭര്‍ത്താക്കന്മാരും
മാസമെത്താത്ത ഡ്രാഫ്ട്റ്റും
കത്തുകളിലെ കഷ്ടതകളും
പറഞ്ഞു പറഞ്ഞു ഇടം കണ്ണിട്ടു
ജീവിതം പൂതലിച്ചു കിടക്കുന്ന
വിറകാണെന്നു പരസ്പരം
അട്ടിയിട്ടു


ശങ്കരേശന്‍
ഉച്ചവരെ മാത്രം പണിതു
ലക്ഷം കോളനിയിലെ
കൊച്ചു വീട്ടില്‍
കോഴികളോടൊത്ത്
ഊണുകഴിച്ചു
വാഴകള്‍ക്ക് നനച്ചു
മസിലുകളുടെ കടഞ്ഞഗാത്രം പോലെ
കുഞ്ഞുപറമ്പും നെഞ്ചുയര്‍ത്തി നിന്നു


പിന്നിടെന്നോ
ലീല പട്ടത്തിയാര്‍ കയറി വന്നു
പോലീസുകാര്‍
ആസിഡൊഴിച്ചു പൊള്ളിച്ച നെറ്റിയുമായി


പകലവരെ കണ്ടതേയില്ല
മയ്പ്പിന്നു
ചെര്‍പ്പുളശ്ശേരിക്ക്
മയില്‍ വാഹനത്തില്‍
കയറിപ്പറക്കുമ്പോള്‍
മഞ്ഞയിലോ
നീലയിലോ
ചുവപ്പിലോ
ഒരു പാളല്‍
അതു മാത്രമായിരുന്നു
ലീലപട്ടത്തിയാര്‍.


ആരുടെയും ഛായയില്ലാത്ത
പെണ്ണുണ്ണിക്ക്
പഴവും പാലുമായി
ശങ്കരേശന്‍ പരക്കം പാഞ്ഞു
തബാക്കു സിഗരറ്റുപാക്കിനൊപ്പം
കുഞ്ഞുവിരലുകളും കൂട്ടി
ശിവേട്ടന്റെ ചായക്കട
ഉണ്ണ്യാരുടെ ബാര്‍ബര്‍ ഷാപ്പ്
അപ്പുമാന്റെ പലചരക്കുകട
കയറിയിറങ്ങി
കരയുന്ന മഴക്കൊപ്പം
സ്ക്കൂളില്‍ ചേര്‍ത്തന്നു
തേന്‍ നിലാവ് വിതറി


പെണ്ണുണ്ണി പനപോലെ വളര്‍ന്നതോ
മുഴുത്തു കുലച്ചതിനെ
ആളുകള്‍ കണ്ണുവെച്ചു
തുടങ്ങിയതില്‍പ്പിന്നെയോ
ലീലപ്പട്ടത്തിയാരെ
പുറത്തു വിടാതായി
വഴക്കിന്റെ കരിമ്പനക്കാടുകള്‍
കാറ്റുപിടിച്ചിരമ്പി
കണ്ണു ചൂഴ്ന്നു പുഴയിലൊഴുക്കിയ നായ്ക്കള്‍
നാലുപാടും കുരച്ചു നിന്നു


ഈര്‍ന്നുപോകുന്ന ജീവിതത്തിന്റെ
ചക്രവാളിന്‍ പല്ലിലുടക്കി
എന്നോ
രണ്ടു പേരെയും കാണാതായി
ഉറക്കമിളച്ച കാവലിന്റെ
ഏതോ
ക്ഷീണിച്ച മയക്കത്തിലായിരിക്കാമത്.


മയില്‍ വാഹനങ്ങള്‍
തലങ്ങും വിലങ്ങും ഓടി
ആളുകള്‍ കയറിയിറങ്ങി
ശങ്കരേശന്‍ വേല്‍കോര്‍ത്ത്
കാത്തിരുന്നു


പിന്നീടെന്നോ
കരിമ്പനയില്‍ നിന്നു വീണുമരിച്ചെന്നോ
കാണാതായമകളുടെ കണ്ണുകള്‍
ഇളം കരിമ്പനതേങ്ങയില്‍‍ കണ്ടിട്ടെന്നോ
വെട്ടിയിട്ട പട്ടപോലെ
താഴേക്കു പറന്നെന്നോ


കൂട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നത്രേ
തബാക്കിന്റെ ഒരു പാക്കറ്റ്
ഊര്‍ന്നുപോയ കുഞ്ഞുവിരലുകള്‍ക്കു പകരം

Tuesday, June 9, 2009

ആള്‍വരപ്പുകള്‍ - ഒന്ന്നീലി


ഒരു ബീഡി താ
നീലിത്തള്ള ശങ്കരേശനോടു ചോദിച്ചു
നിന്റെ പഴുത്ത പടവലങ്ങ
പിടിച്ചു വലിക്കാന്‍ താ
ശങ്കരേശന്‍ മുല പിടിക്കാനാഞ്ഞു
തള്ള നാണം കുണുങ്ങി
മുറ്റമടിക്കാന്‍ തുടങ്ങി
തൂക്കിലേറ്റിയ മക്കളെപ്പോലെ
താളത്തിലവ ആടി

പീടികമുറ്റവും
വീടുമുറ്റവും വൃത്തിയാക്കി
സൂര്യനെ ഉണര്‍ത്തി
ഒരു കുപ്പി കരിമ്പനക്കള്ളില്‍
‍അടിയന്തരാവസ്ഥയില്‍
‍കാണാതെയായ മകനെയോര്‍ത്ത്
നിലാവിനെ കെട്ടിപ്പിടിച്ചു
വാവിട്ടു കരഞ്ഞു
ആയമ്മയുടെ....അമ്മേടെ
പുളിച്ച തെറിയില്‍
‍രാത്രി ശുദ്ധമാക്കി

എല്ലാ തിരഞ്ഞെടുപ്പു ജാഥയിലും
‍തെറിയൊതുക്കി മുന്‍പില്‍ നടന്നു
അരിവാളും ചുറ്റികയും കൈയ്യിലേന്തി
ആയമ്മയുടെ
നീണ്ട മൂക്കില്‍ കാര്‍ക്കിച്ചു തുപ്പി

ഏതോ പ്രഭാതത്തില്‍
‍മുറ്റമടിക്കുമ്പോള്‍
ഞാങ്ങാട്ടിരിയിലൂടെ
ആയമ്മ പാഞ്ഞു പോയെന്ന്
തല പുറത്തേക്കിട്ട്
കൈവീശിയെന്ന്
കൈ വീശിയതല്ല
കൈപ്പടം എറിഞ്ഞു തന്നെന്നു നീലി

ചൂലു വലിച്ചെറിഞ്ഞ്
അമ്പലക്കുളത്തില്‍ മുങ്ങി
ബാലറ്റു പേപ്പറില്‍
‍കൈപ്പത്തിയില്‍ ഉമ്മവെച്ചു

രാത്രിയില്‍ കൂട്ടിനു വരുന്ന
മകന്റെ പ്രേതം
പിന്നിട് വന്നില്ല
പച്ചത്തെറിയില്ലാതെ
ആയമ്മയ്ക്കൊപ്പം
ഒന്നിനെയും ഓര്‍ക്കാതെ
പാടി തിമര്‍ത്തു

നാവടക്കൂ പണിയെടുക്കൂ..

Tuesday, June 2, 2009

നെക്ക് ടൈ , അപനിര്‍മ്മിക്കും വിധം നിര്‍വ്വചിക്കും വിധം(ചിത്രനിര്‍മ്മാണം: പ്രേം രാജ്, ദുബായ്)
ടൈ അണിയുമ്പോള്‍
ശരീരത്തിന്റെ അയഞ്ഞ ഗദ്യം വൃത്തത്തിലാകും
മാത്രകള്‍ തെറ്റാതെ കഴുത്തു തിരിയും
ഗുരു ലഘുക്കളായി താഴ്ന്നും ഉയര്‍ന്നും
വരി തെറ്റാതെ താളം തെറ്റാതെ
പുതിയ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുംരണ്ടു പാളികളായി പിളരും
രണ്ടു തട്ടുകളാക്കും
തുലാസിന്റെ സൂചികയായി
പൂജ്യത്തിലേക്കു നിര്‍ത്തി
ജീവിതത്തെ സംതുലനമാക്കാന്‍
ശ്രമിച്ചു കൊണ്ടേയിരിക്കും


കഴുത്തിനെ തീര്‍ത്തും കുനിക്കാതെ
എപ്പോഴും ഉയര്‍‍ത്തി നിര്‍‍ത്തി
കൈ ചലനങ്ങളിലൊത്തുത്തീര്‍പ്പിന്റെ
താളം തീര്‍ത്ത്
ഇളകാത്ത ചിത്രം പോലെ വ്യക്തമാക്കും


കണ്ഠത്തില്‍ കുടുങ്ങിക്കിടക്കും

പാതിപെണ്ണും മറുപാതി ആണുമായി
വേര്‍പെടുത്തും
ഉഭയരതിയില്‍ ‍താണ്ഡവാമാടി
സ്വയം പ്രേമത്തിലൊടുക്കും

കുനിയുമ്പോഴെല്ലാം മാറോടണക്കേണ്ടി വരും
പ്രിയ തത്ത്വശാസ്ത്രമായ്
ഉള്ളിലെ പെന്‍ഡുലം
ശരിതെറ്റുകളുടെ
ഏതേതുകളിലുറക്കാതെ

പുറത്താടും


പണിയുന്നവരുടെ ആള്‍ക്കൂട്ടത്തില്‍
നീട്ടിയവാളായി പൊടുന്നനെ വഴി വീഴ്ത്തും
വിയര്‍പ്പിന്റെ മേഘങ്ങളെ
ചീറുന്ന സുഗന്ധം കീറിമുറിക്കുമ്പോലെ


ചുരുട്ടി പോക്കറ്റില്‍ വെച്ചാലും
ഒന്നു ചുളിയുകപോലുമില്ല
സില്‍ക്കിന്റെ മൃദുലത
നെഞ്ചില്‍ പ്രതിബിംബിക്കുന്ന നട്ടെല്ല്


നഗ്നമായ ഉടലില്‍
ടൈ വീഴുമ്പോഴതു മറ്റൊരു ശിരസ്സാകും
രണ്ടു മുലക്കണ്ണിന്നിടയിലൂടെ
പൊക്കിള്‍ വായ്‌വരെ നീളുന്ന മൂക്ക്
തൂങ്ങിയാടും കൈകളുടെ ചെവികള്‍
രണ്ടു ശിരസ്സുകളുടെ ചേര്‍ച്ചയില്‍
‍ഞാനൊരു മണല്‍ ഘടികാരമാകും
ഉടല്‍ - ശിരസ്സ്
ശിരസ്സ് -ഉടല്‍
മാറിമറിഞ്ഞുകൊണ്ടിരിക്കും


ഒന്നു മേലോട്ടുയര്‍ത്തിപ്പിടിച്ചാല്‍
‍കൊലക്കയര്‍
‍അല്ലെങ്കില്‍ ആത്മഹത്യാകുരുക്ക്
മരണം കഴുത്തില്‍ തൂക്കി
നടക്കുന്നവനെക്കുറിച്ച്
ഇതിലുമേറെയെന്തുപന്ന്യസിക്കും