Thursday, September 3, 2009

മരിച്ചവരുടെ പരേഡ്

ഏതാണു വിശുദ്ധമദ്യം
ഒഴിച്ചു കൊടുക്കുന്നവന്റ്റെ തട്ടില്‍
ഇറ്റിറ്റു വീണുപരന്ന
പലതുകളുടെ ഒന്നോ
സങ്കരജീവിതത്തിന്റെ സങ്കീര്‍ത്തനം പോലെ
കുഴഞ്ഞുമറിഞ്ഞ രാഷട്രങ്ങളുടെ ഏകകം പോലെ


പറയൂ
ഏതാണു വിശുദ്ധജീവിതം
ഒരേ നേര്‍ രേഖയില്‍ ജീവിച്ചു
പൊഴിഞ്ഞ ഇലകളോ
പലതായി പടര്‍ന്ന്
ഇരുട്ടിലേക്കാഴ്ന്ന വേരുകളോ


തെമ്മാടിയും മഹാനും
കൊലപാതകിയും ആഭാസനും
ഇടകലര്‍ന്ന ലഹരിയാണു ജീവിതമെന്നറിഞ്ഞവന്റെ
ജീവിതമോ
ഏതാണു രുചികരം


കാതടപ്പിക്കുന്ന സംഗീതത്തില്‍
എന്റെ ഒച്ചകള്‍ ആംഗ്യങ്ങളാകുന്നു
മരണകിടക്കയില്‍ ആംഗ്യങ്ങള്‍
അര്‍ത്ഥങ്ങളുടെ നിലക്കാത്ത താളങ്ങള്‍
ജീ‍വിതം അനര്‍ഥങ്ങളുടെ സിംഫണി


ബാര്‍
തുറന്നുവെച്ച മനുഷ്യന്റെ മനസ്സാണ്
മനസ്സിന്റെ അധോലോകം
ചര്‍ച്ചയിലാണ്
കാതുകള്‍ മുറിച്ചുകളയുന്ന ശബ്ദത്തിലും
എനിക്കു മാത്രം കേള്‍ക്കാനാകുന്ന ആ നിമിഷം
അതെപ്പോഴാണ്
ആ നിമിഷത്തില്‍ മാത്രമായിരിക്കാം
നിന്നെ ഞാന്‍ സ്നേഹിക്കുന്നത്


ഞാനും നീയും തമ്മിലെന്ത്
ടിഷ്യു പേപ്പറില്‍ കുറിച്ചിട്ട നമ്പറിനപ്പുറം
ശബ്ദത്താല്‍ ഭോഗിച്ചതല്ലാതെ


നീയെവിടെ
അതാ അപ്പുറം
മിന്നിമറയും വെളിച്ചത്തില്‍ കാണാം
ആര്‍ക്കൊപ്പം നീ ഹസ്തഭോഗത്തിന്റെ
ശില്പം തീര്‍ക്കുന്നു
കഴുകാത്ത കൈകളില്‍ ചുംബിക്കുമ്പോള്‍
നീ തട്ടിമാറ്റുന്നതെന്ത്
വേഷ്ടിയിലൊളിച്ച മുലകളെ
ഞരിക്കുമ്പോള്‍
എന്റെ മകളുടെ പേര്
നിസ്സംഗമായി നീ പൊഴിച്ചുവോ


പുലര്‍ച്ചക്കു മുന്‍പുള്ള വിജനതയില്‍
ഏതാണെന്റെ വേഗം കൂട്ടുന്നത്
ചക്രത്തിനും പാതക്കുമിടയില്‍
വണ്ടിക്കടിപ്പെട്ടവരുടെ
അവസാന ചക്ര ശ്വാസങ്ങളോ


ആരായിരിക്കാം
ആറുവരിപ്പാത മുറിച്ചുകടക്കുന്നവര്‍
കാലറ്റവര്‍ കൈയ്യറ്റവര്‍
തലചതഞ്ഞവര്‍
ഉടല്‍മാത്രമമുള്ളവര്‍
ജീവിച്ചിരിക്കുന്നവര്‍ക്ക്
ബലിയിടാന്‍ പോകുന്നവരോ।


മരിച്ചവരുടെ പരേഡു തീരുംവരെ
എനിക്കു മുറിച്ചുകടക്കാനാവില്ല


യഥാര്‍ത്ഥത്തില്‍
ആര്‍ക്ക് അവകാശപ്പെട്ടതാണ്
ഭൂമിയിലെ വഴികള്‍
മരിച്ചവര്‍ക്കോ
ജീവിച്ചിരിക്കുന്നവര്‍ക്കോ