Saturday, November 22, 2008

കാട്

മരം പോലെ
എന്തിത്ര പരുക്കന്‍
നിന്റെ കൈ

ശരിയാണു
കൈകള്‍ കുത്തി
കാലുകള്‍ മേലോട്ടുയര്‍ത്തിയാല്‍
പത്തു വേരില്‍ പടര്‍ന്ന
രണ്ടു ചില്ലകളുള്ള
ഇലയില്ലാ മരമാണു ഞാന്‍

അതുമാത്രമോ
കേള്‍ക്കുന്നില്ലേ നെഞ്ചില്‍
കളകളമൊഴുകും അരുവികള്‍
കിതപ്പില്‍ കൂറ്റന്‍ ചിറകടി
പുലിനോട്ടങ്ങള്‍
മാനൊതുക്കങ്ങള്‍
എത്ര തട്ടിക്കളഞ്ഞാലും പോകാതെ
വീര്‍ത്തിരിക്കും നോവുകള്‍
തീരാമഴയില്‍
ചതുപ്പാകും ഉള്ളിന്‍ തണുപ്പുകള്‍

നിന്റെ കിരണങ്ങള്‍
എത്തി നോക്കാത്ത
എന്റെയിരുട്ടുകള്‍
നിന്റെ നിശ്വാസത്തില്‍
കത്തും എന്റെ കരിയിലകള്‍

ഒരാള്‍ക്കുള്ള പാതയില്‍
മണ്ണിന്‍ നെറ്റിപ്പട്ടം കെട്ടിയ
ഒറ്റക്കൊമ്പന്‍
എന്റെ സ്നേഹം

ഒറ്റ കുത്തിനു കോര്‍ക്കട്ടെ നിന്നെ

മരത്തിനെ സ്നേഹിക്കും പോല്‍
എളുതല്ല കൊടും കാട്

No comments: