Wednesday, February 18, 2009

എന്നെയെഴുതാത്തതെന്തു നീ....


എന്നെക്കുറിച്ചു മാത്രം
എന്നെക്കുറിച്ചു മാത്രം
എഴുതാത്തതെന്തു നീ
എന്നെയും കവിതയാക്കത്തതെന്തു നീ

കുത്തി നിറക്കും കണ്ണില്‍ കണ്ടതെല്ലാം
നിരത്തും മണ്ണിലറിഞ്ഞതെല്ലാം
നിന്നെ കോര്‍ത്ത പെണ്ണുങ്ങള്‍
നിന്നെ തകര്‍ത്ത ആണുങ്ങള്‍
തിന്നു തീര്‍ത്ത പല രുചികള്‍ രാജ്യങ്ങള്‍
കുടിച്ച മദ്യത്തെ സ്തുതിച്ച്
വലിച്ചു തീര്‍ത്ത വിരലുകളെക്കുറിച്ച്

ഞാന്‍ മാത്രം കേള്‍ക്കുമധോവായു
ലോകമറിയാത്ത വായ്നാറ്റം
മുറി മുഴക്കും കൂര്‍ക്കം വലി
ഞാന്‍ മാത്രമറിഞ്ഞ നിന്റെ വട്ടചൊറി
ഞാനിപ്പോഴും ഐസിട്ടു കാക്കും നിന്‍ പൂര്‍വ്വകാമുകിമാര്‍
‍ഞാന്‍ പെറ്റ നിന്റ്റെ കുഞ്ഞുങ്ങള്‍
‍ഞാനൊറ്റക്കു കരേറിയ
നിന്നെയോര്‍‍ത്തോര്‍ത്തു ചതുപ്പായ രാത്രികള്‍
കവിത മൂക്കുമ്പോഴുള്ള നിന്‍‍ വളിച്ച മൌനങ്ങള്‍
നീ‍ തെല്ലും പകരാത്ത
ഞാനേറെ ആശിച്ച പ്രണയപ്പനികള്‍
‍നിന്നിലെ സകല മൃഗങ്ങള്‍ക്കുംഇരയായ്
തീര്‍ന്നു തീര്‍ന്നില്ലാതാകുന്ന
എന്നെക്കുറിച്ചുമാത്രം
എന്തേ???

പ്രിയമുള്ളവളേ
കവിതയെന്നാല്‍ ജീവനോടെ കുഴിച്ചുമൂടി
ജനന തിയ്യതി മാത്രം കുറിക്കപ്പെട്ട
കല്ലറകളാണ്
മരണം നിശ്ചയിക്കുന്നത്
ആരെന്നെനിക്കറിയില്ല
സ്മാരകങ്ങള്‍ക്കുള്ളിലതു ജീവിക്കുന്നുവോ
മരിക്കുന്നുവോ
ഞാന്‍ തിരക്കാറില്ല

ഒന്നെനിക്കറിയാം
എന്റെ ബോധത്തിനു ചുറ്റും
കവിതയാകാന്‍ വിധിക്കപ്പെട്ടവരുടെ
നീണ്ട വരികളെ

നിന്നെക്കുറിച്ചു ഞാന്‍ എഴുതുകില്ലോമനേ
നീയെനിക്കിതുവരെ സ്മരണയല്ലോമനേ
നിന്നെ ഞാന്‍ ജീവനോടെ അടക്കുകില്ലോമനേ




4 comments:

Babu Kalyanam said...

:-)

"ഒരു ചെമ്പനീര്‍ പൂവിറുത്തു" ഓര്മ വന്നു.

Pramod.KM said...

ചോദ്യകര്‍ത്താവിനെ ഒരിക്കലും തൃപ്തിപ്പെടുത്താന്‍ സാധ്യതയില്ലാത്ത ഉത്തരങ്ങള്‍!. നല്ല കവിത:)

Environmental Extremist said...

i like your blog, keep it up.

ശ്രീജ എന്‍ എസ് said...

മനോഹരം