*അവീര്‍
ട്രക്കും ട്രയിലറും
മേയുംമേടാണ്
തലയറ്റ് വാലറ്റ്
തലയും വാലുമില്ലാതെ
ഉടല് മാത്രമായി വിശ്രമിക്കുമിടം
അറ്റുപോയതെല്ലാം യോജിച്ച്
പൊടുന്നനെ ജീവനെടുത്തു പായും
ജന്തുക്കള്‍ വാഴും കാട്
ഇവര്‍ക്കിടയില്‍ പൊടിപിടിച്ചു നീ കിടക്കുന്നു
പത്മിനീ എന്റെ പ്രിയപ്പെട്ടവളേ
നെഞ്ചില്‍ മെര്‍സിഡസ് ലോഗോ അണിഞ്ഞ്
എന്തോ ആവാന്‍ മെനക്കെട്ട്
ഒന്നുമാവാതെ
കുറേ തകര്‍ന്ന വണ്ടികള്‍ക്കിടയില്‍
നിന്റെ പത്മിനീശയനം
അടുത്ത വീട്ടിലെ
ഗള്ഫുക്കാരന്ജോണിയേട്ടന്റെ
സ്ത്രീധനമായി ആദ്യമായി നിന്നെ തൊട്ടു
ക്രീം നിറത്തില്‍
നീ വേഷ്ടിയുടുത്ത നായരുപെണ്ണ്
നിന്റെ ഞരക്കത്തില് ഞങ്ങള്‍ രതിമൂര്ഛയിലായി
നിനക്കു കണ്ണുപറ്റാതിരിക്കാനാണു
മോളിച്ചേച്ചിയെന്നു
അടക്കം പറഞ്ഞു
സോപ്പെടുത്തോ തോര്‍ത്തെടുത്തോ
സോപ്പു പെട്ടി വരുന്നേ
ശത്രുക്കള്‍ കുശുമ്പു കുത്തി
ജോണിയേട്ടന്‍ തിരിച്ചു പോയപ്പോള്‍
നാല് ടയറുമഴിഞ്ഞ് കട്ടപ്പുറത്തേറി
ഒപ്പം മോളിചേച്ചിയും
ഇതാ നീ ഇവിടെ
എക്സ് 5 നോടും ലാന്റ് ക്രൂയിസറിനോടും
ലാന്റ് റോവറിനോടും നിസ്സാന്‍ പട്രോളിനോടും മല്ലിട്ട്
കടഞ്ഞെടുത്ത ഉടലുകളില്‍
വീതി കൂടിയ ജീവതത്തില്‍
ചെറുതായി ചെറുതായി
എത്ര ഓടിയിട്ടും എങ്ങുമെത്താതെ
ചന്തമെല്ലാം ആപേക്ഷിമെന്നറിവില്
പൊടിപിടിച്ച് ആര്‍ക്കും വേണ്ടാതെ
ഉപേക്ഷിക്കപ്പെട്ട ആയപോലെ
പിടികൊടുക്കാന്‍ കാത്തുനില്ക്കും
നിയമരേഖകളില്ലാത്തവളെപ്പോലെ
തിളങ്ങുന്ന വീഥിയില്‍
നീ കോമാളിയായിട്ടുണ്ടാകും
വൃദ്ധവേശ്യയെപ്പോലെ
നീ പരിഹാസ്യയായിക്കാണണം
എസ്കലേറ്ററില്‍ കയറാന്‍ ഭയക്കും
നാട്ടിന് പുറത്തുക്കാരിയെപ്പോലെ
അതോ ഇതെനിക്കുള്ളിടമല്ലെന്നറിഞ്ഞ്
താനേ ഒഴിഞ്ഞതോ
പൂട്ടിയിട്ട മുറിയില്‍ നിന്നു
രക്ഷപ്പെട്ട മറ്റൊരു ഇരയോ
തിരിച്ചുപോയാല്‍
ഒരു വഴിയും നിന്റ്റേതാകില്ല
കാലഹരണപ്പെട്ട പ്രസ്ഥാനം പോലെ
ആരും ശ്രദ്ധിക്കാതെയാകും
ടൊയോട്ടയും ഹോണ്ടയും ഹയുണ്ടായും
സ്ക്കോഡയും ഫോര്‍ഡും ഷെവര്‍ലയും
ഭൂതകാലം മറന്ന നിന്റെ ഇടവഴികളിലുരുളുന്ന
വലുതായ യാഥാര്‍ത്ഥ്യമാണ്
അവര്‍ക്കിടയില്‍ നീ
മദ്യവിരുദ്ധ സമരം നയിക്കുന്ന ഗാന്ധീയനെപ്പോലെ
അപഹാസ്യമാകും
ചിലപ്പോള്‍ അമ്പാസഡര്‍
ചെറിയ ഉള്മാറ്റങ്ങളുള്ള
മാര്ക്സിസ്റ്റുക്കാരനെപ്പോലെ
നിന്നക്കൊരു തോള് തന്നേക്കാം
ഉറപ്പില്ല
നീയോടിയ ദൂരങ്ങള്‍
വീണ്ടുംപൂജ്യത്തിലേക്കു മടങ്ങും
അധികം വൈകാതെ
ഒരു ഉരുക്കു കൈ തട്ടിപ്പരത്തും വരെ
തുരുമ്പെടുത്തു അനാഥമായി തന്നെ കിടക്കും
നിന്റെ ജീവിതം
മറ്റേതൊരു കുടിയേറ്റ ജീവിതം പോലെ.
*ദുബായിലെ ട്രക്കുകളുടെയും ട്രയിലറുകളുടെയും ഗാരേജുകളുള്ള വളരെ ഇറുകിയ സ്ഥലം.
7 comments:
പാവം പ്രീമിയര്‍ പത്മിനി.......:)
"അധികം വൈകാതെ
ഒരു ഉരുക്കു കൈ തട്ടിപ്പരത്തും വരെ
തുരുമ്പെടുത്തു അനാഥമായി തന്നെ കിടക്കും
നിന്റെ ജീവിതം
മറ്റേതൊരു കുടിയേറ്റ ജീവിതം പോലെ."
ഇവിടെയെഴുതിയ എല്ലാ കവിതകള്‍ക്കും എന്റെ ‘സലാം’
പ്രത്യേകിച്ച് ‘നവംബര്‍ 19, 2007‘ -നു.
ആശംസകള്‍.
കാറോട്ടക്കാരാ..
ഹിപ്പീ..
ഗൃഹാതുരത്വം നിറച്ച് ഇത്ര മയപ്പെടുത്തേണ്ടായിരുന്നു.
ശരിയ്ക്കും കൊള്ളാം,
കാറുകള്‍ക്കു മുകളില്‍ കാര്‍മേഘം പെയ്യിയ്ക്കുന്ന
നിന്റെയീ പരിപാടി.
:)
അതിങ്ങനെ തന്നെ കിടക്കും ...! പ്രവാസം... !തുരുമ്പെടുത്ത്...!! തുരുമ്പെടുത്ത്...!!
ഒരിക്കലും മൂര്‍ച്ച തരിച്ചു വരാതെ...!
അഭിവാദ്യങ്ങള്‍...
thanks to everyone..
ha!
ha!
ha!
ha!
വളരെ നന്നായിട്ടുണ്ട്.
Post a Comment