Sunday, February 8, 2009

ചുള്ളിക്കാട്






*തമ്പിന്‍ മുപ്പതാം വാര്‍ഷികോത്സവം
തിരുനാവായാ മണ‍ല്‍പ്പുറത്ത്
ഉള്ളിലാളൂരിലെ മൂത്തകള്ള്
ഉള്ളിമൂപ്പിച്ച മുതിരത്തോരന്‍
വരുംവഴി എടപ്പാളിലിടുങ്ങിനിന്നു
മോന്തിയ വിയര്‍ത്ത ബിയര്‍


ബലിയിടും പടവില്‍ മുങ്ങിയപ്പോള്‍
മരിച്ച കുഞ്ഞുങ്ങള്‍ മത്സ്യമായ് കൊത്തി
മാറാ മുറിവിപ്പോള്‍ വിങ്ങുന്നു
വിങ്ങുന്നൂ കിടപ്പിലായ പുഴ
ഒഴുക്കിയ ജലത്തെയോര്‍ത്ത്
ഭോഗിച്ചു ഭോഗിച്ചു ശോഷിച്ച
മണലിന്നുടലിനുമേല്‍ വീണ്ടും
ആര്‍ത്തിയോടെ പുണരും സന്ധ്യ


അരവിന്ദന്‍ പല ചിരാതുകളായി
നിളയിലലയുന്നു, ഹരിഗോവിന്ദന്‍
‍ഇടശ്ശേരിചൊല്ലിയിടയ്ക്കയില്‍
കുറ്റിപ്പുറം പാലം പൊളിയുന്നു
അക്കരയിക്കരെ നില്‍പ്പവര്‍ വഴിമുറിഞ്ഞാ-
ഴമില്ലായ്മയിലേക്കൊഴുകുന്നു


പോകനൊരുങ്ങവേ
മണലില്‍ നിന്നുയര്‍ന്ന കൈകള്‍
‍കാ‍ലില്‍ കെട്ടിപ്പിടിച്ചു കെഞ്ചി
പട്ടാമ്പിപ്പുഴയില്‍ പണ്ടു കുളിക്കുമ്പോള്‍
ചുഴിയിലൊടുങ്ങിയ ചങ്ങാതിയോ നീ
ആരൊക്കെയോ വേദിയില്‍ വരുന്നു
ആര്‍? ആരെന്നുമറിയാതായി


എന്റെ മുന്നിലിരിപ്പുണ്ട്
നോക്കിയ എറിക്ക്സണ്‍ സാംസങ്ങ്
എല്‍ ജീ മോട്ടറോള ഐമേറ്റ്
ഇറുകിയ ഷര്‍ട്ടില്‍ പാന്റ്സില്‍
മസില്‍പ്പെരുക്കി മുടിനിവര്‍ത്തി
മധുരപ്പതിനേഴിന്നവതാരങ്ങള്‍
‍എസ്സെമെസ്സില്‍ മിണ്ടിയും
റിങ്ടോണില്‍ കലഹിച്ചും


പെട്ടെന്നതാ പരിചിതശബ്ദമരങ്ങില്‍
ഉടഞ്ഞ ഘടമൊട്ടിച്ചു മുട്ടും മുഴക്കത്തില്‍


‍പാതാളത്തില്‍ നിന്നവര്‍ തലപൊക്കി
ക്യാമറയിലൂടെനോക്കിപ്പറഞ്ഞു
ഇതയാളല്ലേ കരയും സീരിയലിലെത്തും പതിവുകാരന്‍
വീണ്ടുമവര്‍ പരസ്പരമയച്ചു രമിച്ചു
ഒളിച്ചു പകര്‍ത്തിയ കാലുകള്‍ മുലകള്‍ തുടകള്‍
‍വെട്ടിമാറ്റിയ തലകള്‍ ജീവിതങ്ങള്‍ ശവങ്ങള്‍


ഓ അയാള്‍
എന്റെ പതിനേഴിന്‍ തുടക്കത്തില്‍
‍എവിടെ ജോണെന്നു ചോദിച്ചെന്റെ കൌമാരത്തെ
എനിക്കറിയില്ലെന്നു മുട്ടുകുത്തിച്ചവന്‍
ജീവനോടെ തോലുരിഞ്ഞ വാക്കുകളഴിച്ചു വിട്ടവന്‍
എങ്ങെന്നില്ലാതെ കുതിക്കും ജീവിതത്തില്‍ നിന്നെന്നെ
കവിതയിലേക്കുന്തി മുഖമടച്ചു വീഴ്ത്തിയവന്‍
എരിയാന്‍ തുടങ്ങുമെന്നകങ്ങളെ നിന്‍ കാറ്റാല്‍
‍ആളിപ്പടര്‍ത്തിയതില്‍ കുറച്ചു കെട്ടെങ്കിലും
പണ്ടാരം പിടിക്കാന്‍ ഓര്‍മമകളതു-
മരണമില്ലാതെ തൂങ്ങിയാടുന്നതെന്തിന്


അന്ന് കൊടും മഴയിലും കത്തും വനം നീ
ദൂരെ ഞാന്‍ നിന്നെ കണ്ടു പൊള്ളി
തുരുതുരാ വലിക്കും സിഗരറ്റുകള്‍
കുത്തിക്കെടുത്തിയതെന്‍ ഹൃദയത്തിലായിരുന്നല്ലോ


തകര്‍ന്നപ്പാലത്തിന്നടിയില്‍ നദി നിശ്ചലമതിന്നി-
രുകരകള്‍ സമാന്തരമായതിവേഗമൊഴുകി



* അരവിന്ദന്റെ സിനിമ

3 comments:

വരവൂരാൻ said...

തകര്‍ന്നപ്പാലത്തിന്നടിയില്‍ നദി നിശ്ചലമതിന്നി-
രുകരകള്‍ സമാന്തരമായതിവേഗമൊഴുകുന്നു

എല്ലാം വായിച്ചിരുന്നു, വിത്യസ്തമായ ശൈലി മനോഹരമായിരിക്കുന്നു. ആശംസകൾ

Joy Mathew said...

iamgeries leads to memmories of graveyards.congrajulations

Joy Mathew said...

imagerues leads to the memmories of graveyards