Tuesday, June 2, 2009

നെക്ക് ടൈ , അപനിര്‍മ്മിക്കും വിധം നിര്‍വ്വചിക്കും വിധം



(ചിത്രനിര്‍മ്മാണം: പ്രേം രാജ്, ദുബായ്)
ടൈ അണിയുമ്പോള്‍
ശരീരത്തിന്റെ അയഞ്ഞ ഗദ്യം വൃത്തത്തിലാകും
മാത്രകള്‍ തെറ്റാതെ കഴുത്തു തിരിയും
ഗുരു ലഘുക്കളായി താഴ്ന്നും ഉയര്‍ന്നും
വരി തെറ്റാതെ താളം തെറ്റാതെ
പുതിയ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യും



രണ്ടു പാളികളായി പിളരും
രണ്ടു തട്ടുകളാക്കും
തുലാസിന്റെ സൂചികയായി
പൂജ്യത്തിലേക്കു നിര്‍ത്തി
ജീവിതത്തെ സംതുലനമാക്കാന്‍
ശ്രമിച്ചു കൊണ്ടേയിരിക്കും


കഴുത്തിനെ തീര്‍ത്തും കുനിക്കാതെ
എപ്പോഴും ഉയര്‍‍ത്തി നിര്‍‍ത്തി
കൈ ചലനങ്ങളിലൊത്തുത്തീര്‍പ്പിന്റെ
താളം തീര്‍ത്ത്
ഇളകാത്ത ചിത്രം പോലെ വ്യക്തമാക്കും


കണ്ഠത്തില്‍ കുടുങ്ങിക്കിടക്കും

പാതിപെണ്ണും മറുപാതി ആണുമായി
വേര്‍പെടുത്തും
ഉഭയരതിയില്‍ ‍താണ്ഡവാമാടി
സ്വയം പ്രേമത്തിലൊടുക്കും

കുനിയുമ്പോഴെല്ലാം മാറോടണക്കേണ്ടി വരും
പ്രിയ തത്ത്വശാസ്ത്രമായ്
ഉള്ളിലെ പെന്‍ഡുലം
ശരിതെറ്റുകളുടെ
ഏതേതുകളിലുറക്കാതെ

പുറത്താടും


പണിയുന്നവരുടെ ആള്‍ക്കൂട്ടത്തില്‍
നീട്ടിയവാളായി പൊടുന്നനെ വഴി വീഴ്ത്തും
വിയര്‍പ്പിന്റെ മേഘങ്ങളെ
ചീറുന്ന സുഗന്ധം കീറിമുറിക്കുമ്പോലെ


ചുരുട്ടി പോക്കറ്റില്‍ വെച്ചാലും
ഒന്നു ചുളിയുകപോലുമില്ല
സില്‍ക്കിന്റെ മൃദുലത
നെഞ്ചില്‍ പ്രതിബിംബിക്കുന്ന നട്ടെല്ല്


നഗ്നമായ ഉടലില്‍
ടൈ വീഴുമ്പോഴതു മറ്റൊരു ശിരസ്സാകും
രണ്ടു മുലക്കണ്ണിന്നിടയിലൂടെ
പൊക്കിള്‍ വായ്‌വരെ നീളുന്ന മൂക്ക്
തൂങ്ങിയാടും കൈകളുടെ ചെവികള്‍
രണ്ടു ശിരസ്സുകളുടെ ചേര്‍ച്ചയില്‍
‍ഞാനൊരു മണല്‍ ഘടികാരമാകും
ഉടല്‍ - ശിരസ്സ്
ശിരസ്സ് -ഉടല്‍
മാറിമറിഞ്ഞുകൊണ്ടിരിക്കും


ഒന്നു മേലോട്ടുയര്‍ത്തിപ്പിടിച്ചാല്‍
‍കൊലക്കയര്‍
‍അല്ലെങ്കില്‍ ആത്മഹത്യാകുരുക്ക്
മരണം കഴുത്തില്‍ തൂക്കി
നടക്കുന്നവനെക്കുറിച്ച്
ഇതിലുമേറെയെന്തുപന്ന്യസിക്കും







6 comments:

ശ്രീനാഥന്‍ said...

നെക്‌ടൈ,
ഒത്തിരിപ്പേരുടെ കവിതയുടെ
കഴുത്തില്‍ കൊലക്കയറായവന്‍
കവിതയുടെ വാസുകിയാവുന്നത്‌
സന്തോഷകരം.നയനാനന്ദകരം.
അഭിനന്ദനം അനൂപ്‌.

അനൂപ് ചന്ദ്രന്‍ said...

നന്ദി
കവിത അറിഞ്ഞതിന്
പ്രത്യേകിച്ചും ഒരു ടെക്നിക്കല്‍ അധ്യാപകന്‍ അറിഞ്ഞതില്‍ അതിലേറെ സന്തോഷം

ചായപ്പൊടി ചാക്കോ said...

പ്രിയ അനൂപ്ചന്ദ്രന്‍
താങ്കളുടെ ബ്ലോഗ്‌ ഇപ്പോഴാണ്‌ കണ്ടത്‌. മുഴുവന്‍ കവിതകളും വായിച്ചു. തീരെ നൈസര്‍ഗ്ഗികമല്ലാത്ത ഒരെഴുത്ത്‌ ഫീല്‍ ചെയ്യുന്നു. എഴുപതുകള്‍-എണ്‍പതുകളിലെ കവിതകളുടെ വികാരതീവ്രതയെ മിമിക്രിയിലൂടെ സമകാലികമാക്കാനുള്ള ശ്രമമായി മാറുന്നു താങ്കളുടെ രചനകള്‍ പലപ്പോഴും. ഒരാള്‍ക്ക്‌ പൊളിറ്റിക്കലായിരിക്കാനും എഴുതാനും ലോഹനിര്‍മ്മിതമായ അക്ഷരങ്ങള്‍ വേണമെന്ന ശാഠ്യമാണ്‌ അയാളെക്കൊണ്ട്‌ ഇങ്ങനെ എഴുതിക്കുന്നത്‌. എടുത്താല്‍ പൊങ്ങാത്ത ഉപകരണങ്ങളുപയോഗിച്ച്‌ ആസ്തമാ രോഗിയായ ഒരാള്‍ ചെയ്യുന്ന വ്യായാമം കണ്ടുനില്‍ക്കല്‍ ക്ലേശകരമാണ്‌. താരതമ്യേന നന്നാവാന്‍ സാധ്യതയുണ്ടായിരുന്ന ഒരു കവിതയായിരുന്നു നെക്ക്‌ ടൈ... അതിഭാവുകത്വതാലും ആവേശത്താലും കവിതയിലെത്താതെ കവിതയുടെ അവസാനം പറയുന്നതുപോലെ അത് വെറുമൊരു ഉപന്യാസമായി മാറുന്നു.
ഏകാഗ്രതയുടെയും നൈസര്‍ഗ്ഗിതയുടെയും കുറവാണ്‌ താങ്കളുടെ കവിതകളുടെ പ്രധാന ന്യൂനതയായി തോന്നുന്നത്‌. ശ്രദ്ധിക്കുമല്ലോ.
നല്ല കവിതകളെഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

(വിപ്ലവകാരിയായ ജോയ്മാത്യുവിന്റെ ബ്ലോഗിലെ താങ്കളുടെ കമന്റ് കണ്ടിരുന്നു. താങ്കളും ജോയ്മാത്യുവിനൊപ്പം അക്കാലത്തെ സാംസ്കാരിക-വിപ്ലവപ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നെന്ന് കമന്റില്‍നിന്ന് മനസ്സിലായി. ഇപ്പോള്‍ ഗള്‍ഫിലാണല്ലൊ രണ്ടുപേരും, അദ്ദേഹം അമൃതാ ടീവിയിലെന്നതുപോലെ താങ്കളും ഏതെങ്കിലും നവസാംസ്കാരിക സ്ഥാപനത്തിലാണോ ജോലി ചെയ്യുന്നത്? രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനുള്ള സാഹചര്യമൊക്കെ രാജവാഴ്ചയുള്ള ഗള്‍ഫില്‍ ഉണ്ട് എന്നറിയുന്നതില്‍ സന്തൊഷമുണ്ട്. ഞാന്‍ കൊച്ചിക്കാരനാണ്. ലാത്തിയുടേയും ബൂട്ടിന്റേയും അടയാളങ്ങളുള്ള ഒരു ശരീരം മാത്രമാണ് എന്റെ ആത്മകഥ. ഇനിയും താങ്കളുടെ ബ്ലോഗ് സന്ദര്‍ശിക്കാം.)

സ്നേഹപൂര്‍വം
നല്ല കവിതകളെ മാത്രം പ്രണയിക്കുന്ന ഒരാള്‍

ശ്രീനാഥന്‍ said...

ഈശ്വരാ! മറ്റൊരു നിരാശാഭരിതനായ സുഹൃത്ത്‌.

അനൂപ് ചന്ദ്രന്‍ said...

പ്രിയ ബെന്നി ജോണ്‍
വിമര്‍ശനത്തിന് നന്ദി

. said...

സമാന ഹൃദയമുള്ളവനാണു സഹൃദയനെന്നു പറയാറുണ്ടു.
സമാനത കവിയുമായിട്ടാണ്‌.അതരമൊരു സമാനതയുടെ
അഭാവമാകാം ബെന്നി ജോണിനെക്കൊണ്ട്‌.ഇങ്ങനെ പറയിച്ചതു്
അനൂപിന്റെ കവിതകൾ പരുഷമാണ്‌.എന്നാലത്ത്‌ നൈസർഗ്ഗികമല്ലെന്നു
എങ്ങനെ പറയും."അതി ഭാവുകമാണ്‌, വികാര തീവ്രമാണ്‌,ആവേശമുണ്ട്‌"
എന്നൊക്കെ പറഞ്ഞ അതേ നാവുകൊണ്ട്‌ നൈസർഗ്ഗികമല്ലെന്നും
പറഞ്ഞിരിക്കുന്നു
.ഇവയ്ക്കു തമ്മിൽ ഒരു പൊരുത്തവുമില്ലല്ലോ
നൈസർഗ്ഗികമല്ലാത്ത ഒന്ന്‌ എങ്ങനെ വികാരത്തീവ്രവും അതി ഭാവുകവുമാവും.
ബെന്നിയുടെ അഭിപ്രായം അദ്ദേഹം തന്നെ ഖണ്ഡിച്ചിരിക്കുന്നതിനാൽ
കൂടുതൽ പറയുന്നില്ല . പരുഷമായ ഈ കാലഘട്ടത്തിന്‌
അനുയോജ്യം അനൂപിന്റെ ഭാഷ തന്നെയാണ്‌.കൂടുതൽ നന്നായി എഴുതൂ.