Tuesday, June 9, 2009
ആള്‍വരപ്പുകള്‍ - ഒന്ന്
നീലി
ഒരു ബീഡി താ
നീലിത്തള്ള ശങ്കരേശനോടു ചോദിച്ചു
നിന്റെ പഴുത്ത പടവലങ്ങ
പിടിച്ചു വലിക്കാന്‍ താ
ശങ്കരേശന്‍ മുല പിടിക്കാനാഞ്ഞു
തള്ള നാണം കുണുങ്ങി
മുറ്റമടിക്കാന്‍ തുടങ്ങി
തൂക്കിലേറ്റിയ മക്കളെപ്പോലെ
താളത്തിലവ ആടി
പീടികമുറ്റവും
വീടുമുറ്റവും വൃത്തിയാക്കി
സൂര്യനെ ഉണര്‍ത്തി
ഒരു കുപ്പി കരിമ്പനക്കള്ളില്‍
അടിയന്തരാവസ്ഥയില്‍
കാണാതെയായ മകനെയോര്‍ത്ത്
നിലാവിനെ കെട്ടിപ്പിടിച്ചു
വാവിട്ടു കരഞ്ഞു
ആയമ്മയുടെ....അമ്മേടെ॥
പുളിച്ച തെറിയില്‍
രാത്രി ശുദ്ധമാക്കി
എല്ലാ തിരഞ്ഞെടുപ്പു ജാഥയിലും
തെറിയൊതുക്കി മുന്‍പില്‍ നടന്നു
അരിവാളും ചുറ്റികയും കൈയ്യിലേന്തി
ആയമ്മയുടെ
നീണ്ട മൂക്കില്‍ കാര്‍ക്കിച്ചു തുപ്പി
ഏതോ പ്രഭാതത്തില്‍
മുറ്റമടിക്കുമ്പോള്‍
ഞാങ്ങാട്ടിരിയിലൂടെ
ആയമ്മ പാഞ്ഞു പോയെന്ന്
തല പുറത്തേക്കിട്ട്
കൈവീശിയെന്ന്
കൈ വീശിയതല്ല
കൈപ്പടം എറിഞ്ഞു തന്നെന്നു നീലി
ചൂലു വലിച്ചെറിഞ്ഞ്
അമ്പലക്കുളത്തില്‍ മുങ്ങി
ബാലറ്റു പേപ്പറില്‍
കൈപ്പത്തിയില്‍ ഉമ്മവെച്ചു
രാത്രിയില്‍ കൂട്ടിനു വരുന്ന
മകന്റെ പ്രേതം
പിന്നിട് വന്നില്ല
പച്ചത്തെറിയില്ലാതെ
ആയമ്മയ്ക്കൊപ്പം
ഒന്നിനെയും ഓര്‍ക്കാതെ
പാടി തിമര്‍ത്തു
നാവടക്കൂ പണിയെടുക്കൂ..
Subscribe to:
Post Comments (Atom)
No comments:
Post a Comment