Saturday, June 13, 2009

ആള്‍വരപ്പുകള്‍ - രണ്ട്

ശങ്കരേശന്‍

തബാക്കു സിഗരറ്റു
ചുണ്ടില്‍ നിന്നെടുക്കാതെ
ബാലന്‍ കെ നായരെപ്പോലെ
ചിറികോട്ടി
മറ്റാര്‍ക്കുമെളുപ്പത്തില്‍
പ്രാപ്യമല്ലാത്ത
പുളിയുടെ ഉടലുകളെ
പിച്ചി ചീന്താന്‍ തുടങ്ങി.
ഇടക്കിടക്കു
നീലിത്തള്ളയെ നാണത്തില്‍
വീഴത്തിക്കൊണ്ട്


അനായസതയുടെ സംഗീതം
ഉടലിന്റെ ബലിഷ്ഠതയില്‍
ആരോഹണ അവരോഹണങ്ങള്‍
തീര്‍ത്തുകൊണ്ടിരുന്നു
അയലത്തെ സുശീലേടത്തിയും
എന്റെ അമ്മയും
അതു നോക്കി നില്‍ക്കാന്‍ മാത്രം
വര്‍ത്തമാനം പറഞ്ഞു
അവധി കിട്ടാത്ത ഭര്‍ത്താക്കന്മാരും
മാസമെത്താത്ത ഡ്രാഫ്ട്റ്റും
കത്തുകളിലെ കഷ്ടതകളും
പറഞ്ഞു പറഞ്ഞു ഇടം കണ്ണിട്ടു
ജീവിതം പൂതലിച്ചു കിടക്കുന്ന
വിറകാണെന്നു പരസ്പരം
അട്ടിയിട്ടു


ശങ്കരേശന്‍
ഉച്ചവരെ മാത്രം പണിതു
ലക്ഷം കോളനിയിലെ
കൊച്ചു വീട്ടില്‍
കോഴികളോടൊത്ത്
ഊണുകഴിച്ചു
വാഴകള്‍ക്ക് നനച്ചു
മസിലുകളുടെ കടഞ്ഞഗാത്രം പോലെ
കുഞ്ഞുപറമ്പും നെഞ്ചുയര്‍ത്തി നിന്നു


പിന്നിടെന്നോ
ലീല പട്ടത്തിയാര്‍ കയറി വന്നു
പോലീസുകാര്‍
ആസിഡൊഴിച്ചു പൊള്ളിച്ച നെറ്റിയുമായി


പകലവരെ കണ്ടതേയില്ല
മയ്പ്പിന്നു
ചെര്‍പ്പുളശ്ശേരിക്ക്
മയില്‍ വാഹനത്തില്‍
കയറിപ്പറക്കുമ്പോള്‍
മഞ്ഞയിലോ
നീലയിലോ
ചുവപ്പിലോ
ഒരു പാളല്‍
അതു മാത്രമായിരുന്നു
ലീലപട്ടത്തിയാര്‍.


ആരുടെയും ഛായയില്ലാത്ത
പെണ്ണുണ്ണിക്ക്
പഴവും പാലുമായി
ശങ്കരേശന്‍ പരക്കം പാഞ്ഞു
തബാക്കു സിഗരറ്റുപാക്കിനൊപ്പം
കുഞ്ഞുവിരലുകളും കൂട്ടി
ശിവേട്ടന്റെ ചായക്കട
ഉണ്ണ്യാരുടെ ബാര്‍ബര്‍ ഷാപ്പ്
അപ്പുമാന്റെ പലചരക്കുകട
കയറിയിറങ്ങി
കരയുന്ന മഴക്കൊപ്പം
സ്ക്കൂളില്‍ ചേര്‍ത്തന്നു
തേന്‍ നിലാവ് വിതറി


പെണ്ണുണ്ണി പനപോലെ വളര്‍ന്നതോ
മുഴുത്തു കുലച്ചതിനെ
ആളുകള്‍ കണ്ണുവെച്ചു
തുടങ്ങിയതില്‍പ്പിന്നെയോ
ലീലപ്പട്ടത്തിയാരെ
പുറത്തു വിടാതായി
വഴക്കിന്റെ കരിമ്പനക്കാടുകള്‍
കാറ്റുപിടിച്ചിരമ്പി
കണ്ണു ചൂഴ്ന്നു പുഴയിലൊഴുക്കിയ നായ്ക്കള്‍
നാലുപാടും കുരച്ചു നിന്നു


ഈര്‍ന്നുപോകുന്ന ജീവിതത്തിന്റെ
ചക്രവാളിന്‍ പല്ലിലുടക്കി
എന്നോ
രണ്ടു പേരെയും കാണാതായി
ഉറക്കമിളച്ച കാവലിന്റെ
ഏതോ
ക്ഷീണിച്ച മയക്കത്തിലായിരിക്കാമത്.


മയില്‍ വാഹനങ്ങള്‍
തലങ്ങും വിലങ്ങും ഓടി
ആളുകള്‍ കയറിയിറങ്ങി
ശങ്കരേശന്‍ വേല്‍കോര്‍ത്ത്
കാത്തിരുന്നു


പിന്നീടെന്നോ
കരിമ്പനയില്‍ നിന്നു വീണുമരിച്ചെന്നോ
കാണാതായമകളുടെ കണ്ണുകള്‍
ഇളം കരിമ്പനതേങ്ങയില്‍‍ കണ്ടിട്ടെന്നോ
വെട്ടിയിട്ട പട്ടപോലെ
താഴേക്കു പറന്നെന്നോ


കൂട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നത്രേ
തബാക്കിന്റെ ഒരു പാക്കറ്റ്
ഊര്‍ന്നുപോയ കുഞ്ഞുവിരലുകള്‍ക്കു പകരം

1 comment:

reby mathew said...

basically i hate 'reading kavithakal'.B'coz am a common man without patience to grasp.

but this one i love.

B'coz
u delivered as simple as any ass can understand.

and has reality, lust, tragedy,
humorous....

all together u created that environment.