Thursday, March 12, 2009

എക്സിക്യുട്ടീവ്




നിനക്ക്
അടഞ്ഞയിടങ്ങള്‍ പ്രശ്നമായിരുന്നില്ല
ഇടിച്ചു കയറലുകള്‍ ശീലമായി
ഉപചാര വാക്കുകളാല്‍
വാതിലുകള്‍ മലര്‍ക്കെതുറന്നു
വെട്ടില്‍ വീഴ്ത്തുന്ന ചിരികളില്‍
‍നിനച്ചിരിക്കാതെ വീണുപോയവര്‍
അനന്യമായ ‍ശരീരഭാഷയുടെ
ചുഴികളില്‍മുങ്ങിപ്പോയവര്‍


ടാര്‍ഗറ്റിന്നപ്പുറമല്ലാതെ
നിനക്ക്
ഇപ്പുറമൊന്നില്ല
ഓരോ കണക്കെടുപ്പിലും
അടിവരയ്ക്കു മുകളിലെ അക്കങ്ങള്‍
‍ഉച്ഛത്തില്‍ കൈയ്യടിച്ചു
ലാഭ ശതമാനം
വെയിറ്റ് ലിഫ്റ്ററെപ്പോലെ
ഉയര്‍ത്തിക്കൊണ്ടേയിരുന്നു


ഒരു ഇടപാടും
നടക്കാതെ പോയില്ല
കിട്ടാകടങ്ങള്‍ ഉണ്ടായില്ല
അക്ഷമയോടെ കാത്തിരുന്നു
വാതിലുകള്‍ താനേ തുറന്നു
സൌമ്യമായ ചിരി
ചുണ്ടില്‍ നിന്നൊരിക്കലും മാഞ്ഞില്ല
തേച്ചു മിനുക്കിയ ഉടുപ്പില്‍
ഭൂമിയിലെ സകല വസന്തങ്ങളും
വാറ്റിയുണ്ടാക്കിയ സുഗന്ധത്തില്‍
‍അക്ഷീണവും
ശാന്തവുമായ നിന്റെ അലച്ചിലുകള്‍
‍നിര്‍ത്താതെ
വേഗങ്ങള്‍ കുറയാതെ
പുതിയതു തേടിക്കൊണ്ട്



മരണമേ
എനിക്കസൂയ തോന്നുന്നു
നീ എത്ര നല്ല എക്സിക്യുട്ടീവ്

1 comment:

. said...

മരണത്തിന്റെ വഴിയിൽ ഒരുപാട്‌
സഞ്ചരിച്ചല്ലോ?താണ്ടിയ ദൂരം മുഴുവൻ
പദക്കങ്ങൾക്കിടയിൽ നിന്നെനിയ്ക്കറിയാമായിരുന്നു