Monday, March 29, 2010

കാവ്യവിചാരങ്ങള്‍

1
നദിക്കെന്തുകാര്യം
നിങ്ങള്‍
കുളിച്ചാല്‍ കുടിച്ചാല്‍
വിഴുപ്പലക്കിയാല്‍
ചന്തികഴുകിയാല്‍
മുഖം നോക്കിയാല്‍
കാര്‍ക്കിച്ചു തുപ്പിയാല്‍
ചൂണ്ടയിട്ടാല്‍

പിറവിയെടുത്തത്
പരന്നൊഴുകുന്നത്
നിങ്ങള്‍ക്കു വേണ്ടിയെന്നു
പറഞ്ഞാലും ഇല്ലേലും
നദിക്കെന്ത്
കരകള്‍ തിടംവെച്ചാലും
വരണ്ടാലും

തടകളൊന്നുമില്ലാതെ
സമുദ്രത്തിലേക്കുള്ളവഴിയായ്
തുടരുകയെന്നല്ലാതെ
നദിക്കെന്തുവികാരം

ഈ നദിവിചാരം
എനിക്കുണ്ടായിരുന്നേല്‍
ആ ധാരയുടെ ആത്മാവെന്‍
വാക്കുകള്‍ക്കുണ്ടായിരുന്നേല്‍

2
അകത്തെയിരുട്ടില്‍ നിന്നു
പുറത്തിറങ്ങി
ശ്വാസംകിട്ടാത്തതുപോലെ
ആഞ്ഞാഞ്ഞെടുത്തതോ
ഉള്ളിലേക്കെടുക്കാതെ
വെറുതേ
എരിച്ചൊടുക്കുന്നതോ
പകുതിയില്‍ മടുത്ത്
ചവുട്ടിഞെരിച്ചതോ
പൊള്ളും വരെ
വലിച്ചെടുത്തതോ

നിറഞ്ഞവയറിനു ശേഷമോ
ഒഴിഞ്ഞവയര്‍ നിറക്കാനോ
രതിശേഷശൂന്യത ഹരിക്കാനോ
വിരസതയില്‍ കൂട്ടായതോ
ഇത്ര മുതിര്‍ന്നിട്ടും
ചിലരെക്കാണുമ്പോള്‍
ഇരുട്ടിലേക്കു മാറി
മറച്ചു പിടിച്ചതോ
പ്രിയപ്പെട്ടവര്‍ക്കായി പകുത്തതോ
അഞ്ജാതര്‍ക്കായിത്തിരി
കനല്‍ പകര്‍ന്നതോ

ഇതൊക്കെയായിരിക്കും
കവിതയെക്കുറിച്ചും
പുകക്കാനുണ്ടാവുക

10 comments:

Ranjith chemmad / ചെമ്മാടൻ said...

ഒഴുകിക്കൊണ്ടേയിരിക്കുന്നത്!!!!
എരിഞ്ഞുകൊണ്ടേയിരിക്കുന്നത്...

പകല്‍കിനാവന്‍ | daYdreaMer said...

ഇതൊക്കെത്തന്നെയാണ്. നന്നായി അനൂപ്‌ .

kichu / കിച്ചു said...

എന്നിട്ട് പുകച്ചോ??:)

അനൂപ് ചന്ദ്രന്‍ said...

നന്ദി
പുകച്ചൊഴുകുന്നു

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

തടകളൊന്നുമില്ലാതെ
സമുദ്രത്തിലേക്കുള്ളവഴിയായ്
തുടരുകയെന്നല്ലാതെ
...

ശ്രീനാഥന്‍ said...

നന്നായി. നദിയെ നദിയായി കണ്ടെല്ലോ.

ശ്രീനാഥന്‍ said...

എഴുത് അനൂപേ!

വികടശിരോമണി said...

നദിമനസ്സ് വിവസ്ത്രമായപ്പൊ എന്റെ ഉള്ളിൽ നിന്ന് കുറേ വെള്ളാരങ്കല്ലുകൾ ഉരുണ്ടുപോയി.
നന്ദിയുണ്ട്.കല്ലു കളയാൻ സഹായിച്ചതിന്.

LiDi said...

നദിക്ക് ഇത്ര ഒഴുക്കുണ്ടെന്നറിഞ്ഞതിൽ...
പിന്നെ
നദി വിചാരം എനിക്കുമുണ്ടായെങ്കിൽ

Shamnad. said...

Long time ...nice ..

the undercurrents of your emotions slowly getting a grip on you ..

fight .