Sunday, April 19, 2009
ചവിട്ടിക്കെടുത്തിയ സിഗരറ്റിന് മുന്‍പ് പിന്‍പ്
(ഷൊര്‍ണ്ണൂരിലെ പോളിടെക്നിക്ക് കാലത്തിന് , കൂട്ടുക്കാര്‍ക്ക് ഈ പുകവലിയൊഴിഞ്ഞ കാലത്തില്‍ നിന്ന്)
ഞങ്ങള്‍
പതിനൊന്നു പേരായിരുന്നു
ഊഴം വെച്ച് ഉമ്മവെക്കാന്‍ തുടങ്ങി
അവസാനത്തെ ആള്‍
തീ ചുംബനത്താല്‍ പൊള്ളി
ഫില്‍ട്ടറൂരിയ സിഗരറ്റ്
പീഡിപ്പിക്കപ്പെട്ടതോ
സ്നേഹിക്കപ്പെട്ടതോ
അങ്ങനെയായിരുന്നു
അന്ന് സ്നേഹിതര്‍
കെടുത്താത്ത കുറ്റിപോലെ
പുകഞ്ഞുകൊണ്ടേയിരുന്നു
കുമാരപ്പിള്ള കമ്മീഷന്‍ തുകയിലോ
ഞെരുക്കി തന്ന ലോണിലോ
നാം ഓണം കൊണ്ടു
ഓരോ ചുണ്ടിലും
ഒരേ നേരത്ത് ആദ്യമായി
തീപ്പൂക്കളം തീര്‍ത്തു
അന്നു ദീപാവലി കണ്ടു
രണ്ടു വിരലുകള്‍ക്കു നടുവില്‍
വിധവകള്‍
സ്ക്കൂള്‍ കുട്ടികള്‍
കന്യാസ്ത്രീകള്‍
പാതിരികള്‍
പള്ളി മുക്രികള്‍
അമൃതാന്ദമയി
ശ്രീ ശ്രീ രവിശങ്കര്‍
ശുഭ്രവസത്ര ധാരണകള്‍
എല്ലാം ചാരമായി
എപ്പോഴോ അഴിഞ്ഞു നാം
ലൈബ്രറിക്കു പിന്നിലും
കോണിപ്പടിയുടെ മറവിലും
മൂത്രപ്പുരയിലും
മരങ്ങള്‍ക്കപ്പുറവും
ഒന്നൊന്നായി എരിഞ്ഞു
പിരിഞ്ഞു
വര്‍ഷങ്ങള്‍ക്കു ശേഷം
കണ്ടപ്പോള്‍
നാം പല ബ്രാന്‍ഡുകളായി
റോത്ത് മാന്‍
മാള്‍ബറോ ലൈറ്റ്സ് ഡണ്‍ഹില്‍
ബെന്‍സന്‍ & ഹെഡ്ജസ്
പലതായി കത്തി
ഒന്നു മറ്റൊന്നിനു പറ്റാതായി
പൊട്ടിക്കാത്ത പാക്കറ്റുകള്‍ പോലെ
നിശ്ശബ്ദ്ധരായി
അലുമിനിയം പേപ്പറില്‍
സുരക്ഷിതരായി
ചിലര്‍ഏകാന്തതയുടെ ഇടങ്ങളില്‍
തുടരെ തുടരെ വലിച്ചു
ചിലര്‍ ഊണിനു ശേഷം
ഉറക്കത്തിനു മുന്‍പ്
വെളിക്കിരിക്കുമ്പോള്‍
ക്രമത്തിലായി
വലിനിര്‍ത്തിയെന്നു കൈക്കെട്ടി
നിര്‍ത്തിക്കൂടെയെന്നു മുന്നോട്ടാഞ്ഞു
എന്തായിരുന്നു നിര്‍ത്തേണ്ടത്
എന്തായിരുന്നു നിര്‍ത്തിയത്
ഒഴിഞ്ഞ കൂട്
വിരലുകള്‍ ഊര്‍ന്നു വീണ കൈപ്പടമാണ്
നമ്മളല്ലാതായ നമ്മുടെ ജീവിതം
മാടി മാടി വിളിക്കുന്നതെന്താണ്
കൂട്ടില്‍ നിന്നുപുറത്തേക്കു തല നീട്ടി
ആറാംവിരല്‍ പോലെ
തെറിച്ചു നില്‍ക്കുന്നൂ ഒരാള്‍
വരൂ രണ്ടു വിരലുകളായെന്നു
വെല്ലുവിളിച്ച്
പരസ്പരം കത്തിക്കാന്‍
ഇപ്പോഴുമുണ്ടോ ഉള്ളിലാ തീ
എങ്കില്‍ കത്തിക്കൂ
കത്തട്ടെ
Subscribe to:
Post Comments (Atom)
4 comments:
കത്തിച്ചു കനലായെരിച്ച ഓരോ പുകയും നീറി നീറി കയറുന്നുണ്ട് നെഞ്ഞിനുള്ളില്‍.. തകര്‍ത്തു...
ഈ നീറിപ്പുകച്ചില്‍ തരുന്നത് ഒര്‍മ്മകള്‍ക്കപ്പുറം ഉള്ളിലെ തീയുടെ ചൂടറിവാണ്
നീറിത്തീരുന്ന കനലിനറ്റത്ത് ഞാന്‍ കാണുന്നത് ഒരാളെയല്ല അയാളോടൊട്ടിയുള്ള ഒരുപാടു ആളുകളെയാണല്ലൊ. അതുകൊണ്ടുതന്നെ അതെനിക്ക് അത്യധികം ഈര്‍ഷ്യ ഉളവാക്കുന്നു.
നീറികത്തുന്ന ഒന്നുമില്ലാത്തൊരാള്‍
anoop,
ഇപ്പൊഴാണു കണ്ടത്. ഇത്ര മാത്രം എന്നെ ആകര്‍ഷിച്ച കവിത അടുത്തകാലത്തു കണ്ടിട്ടില്ല. മനോഹരം.
you should definitely pursue writing.
Post a Comment