(ഫ് എം റേഡിയോ R J കള്‍ക്ക് പിന്നെ ശ ക്കു പകരം ഷ പറയുന്ന ഏവര്‍ക്കും)
ശരിയെ പിളര്‍ത്തി
ശരീരത്തെ കീറിമുറിച്ച്
ശാരീരത്തില്‍ അപസ്വരമായി
ശാന്തിയെ അശാന്തമാക്കി
ആശകളെ നശിപ്പിച്ച്
ആശ്രയത്തെ അനാഥമാക്കി
മീശയെക്കൊഴിച്ച്
ശ്വാസത്തെ നിശ്ചലമാക്കി
ആശ്വാസത്തെ ഞരുക്കി
നിശ്വാസത്തെ മലിനമാക്കി
വിശ്വാസത്തെ ഒറ്റിക്കൊടുത്ത്
വിശപ്പും കശാപ്പും
ശവവും ശയ്യയും
ഒന്നാക്കി
ആദര്‍ശത്തില്‍
ദര്‍ശനത്തില്‍
മറകള്‍ തീര്‍ത്ത്
*ഷ യുടെ വരവ്
ഒരു കുതിരപ്പുറത്ത്
ആയുധ ധാരിയായ്
നിശ്ശബ്ദ്ധതക്കേറ്റവും അടുത്തു നില്ക്കും
മൃദുലനും സൌമ്യനുമായശബ്ദമേ
ശ കാരമേ
നീയുള്ളിടം മാത്രം തിരഞ്ഞു നിന്നെയില്ലാതാക്കാന്‍
ഷ യെന്ന ഏകാധിപതി
ശ രാജ്യത്ത് സൈനികരില്ലായിരുന്നു
ചവുട്ടിമെതിക്കുമ്പോള്‍ ബുദ്ധ ഭിക്ഷുക്കളെപ്പോലെ
താഴ്ന്ന സ്ഥായില്‍ മന്ത്രം ചൊല്ലി
കീഴ്പ്പെട്ടുകൊണ്ടിരിക്കുന്നു
ശയെ എനിക്കു രക്ഷിക്കണം
ഷയെ എതിര്‍ത്തു തോല്‍പ്പിക്കണം
എങ്ങിനെ ?
ഞാനും ശ എന്ന അവസ്ഥയിലായിരിക്കെ
* ഷ എന്ന അക്ഷരത്തിന്റെ ചിത്രത്തിന് കുതിരപ്പുറത്തിരിക്കുന്ന പടയാളിയോട് സാമ്യമുണ്ടെന്നു വിവക്ഷ.
3 comments:
ഉശിരന്‍ കവിത.
Enikku Mansilayilla
തികച്ചും വ്യത്യസ്തം..
Post a Comment