Tuesday, January 27, 2009

പ്രവാസം



അതൊരു നാടുകടത്തലല്ലതെ മറ്റൊന്നുമല്ല
അഞ്ജാതവും അനിര്‍വ്വചനീയവുമായ
ദേശത്തേക്കുള്ള ആട്ടിയകറ്റല്‍


വിനിമയങ്ങളൊന്നും സാധ്യമല്ലാത്ത
ഭൂപടത്തില്‍ ഇപ്പോഴും തെളിയാത്ത
ഒരു വര്‍ണ്ണത്തിലും രേഖപ്പെടുത്താത്ത
രേഖാംശ അക്ഷാംശങ്ങള്‍ എപ്പോഴും മാറിമറിയുന്ന
ഒഴുകികൊണ്ടേയിരിക്കുന്ന ഒരിടമായിരുന്നു
ആ ദേശം


സുഗന്ധവും തുടുത്ത മുഖവുമായി
പോയവര്‍ തിരിച്ചെത്തിയില്ല
പണിതുകൊണ്ടിരിക്കുന്ന വലിയ വീടിനു മുന്‍പില്
‍ചിരിച്ചു നിന്നില്ല
രുദ്രാക്ഷം സ്വര്‍ണ്ണത്തില്‍ കെട്ടിയ മാലയില്
‍കൈയ്യോടിച്ചു വീമ്പിളക്കിയില്ല
നവഗ്രഹങ്ങളുടെ മോതിരവിരലു കൊണ്ട്
വിസ്ക്കി ഗ്ലാസ്സില്‍ താളം പിടിച്ചില്ല
ജനലുകള്‍ തുറന്നിട്ട് ഭോഗിച്ചില്ല



അവിടം എന്തണെന്നാരും അറിഞ്ഞില്ല
ആരും വിവരിച്ചില്ല
പോയവരാരും തിരിച്ചുവന്നില്ല



ചിലരുടെ രാത്രിക്കുമേല്‍
ലേസര്‍ ബിംബത്തില്‍ പ്രക്ഷേപിക്കപ്പെട്ടുവെന്നു
ഉറക്കമില്ലാത്തവര്‍
‍ഊഴം കാത്തിരിക്കുന്നവര്‍
പ്രാന്തു പറഞ്ഞു



എനിക്കറിയില്ല
ഏതാണു യാഥാര്‍ത്ഥ്യം
മരിച്ചവരുടെ ജീവിതമോ
ജീവിച്ചിരിക്കുന്നവരുടെ മരണമോ

1 comment:

ajeeshmathew karukayil said...

എനിക്കറിയില്ല
ഏതാണു യാഥാര്‍ത്ഥ്യം
മരിച്ചവരുടെ ജീവിതമോ
ജീവിച്ചവരുടെ മരണമോ .

ജീവിച്ചിരിക്കുന്നവരുടെ മരണം തന്നെ, അതെ അത് തന്നയാണ് യാഥാര്‍ഥ്യം. ആശംസകള്‍ ..