Sunday, January 25, 2009

ഹോട്ട് ഡോഗ്





നാട്ടില്‍ നിന്നാദ്യമായി
എന്റെ ജീവിതം കാണാനെത്തിയതായിരുന്നു
പ്രിയ കൂട്ടുക്കാരന്‍

ഹെനിക്കന്‍ ഫോസ്റ്റര്‍ ബഡ് വൈസര്‍
നെപ്പോളിയന്‍ ബ്ലാക്ക് ലേബല്‍ ഷിവാസ് റീഗല്‍
‍മോന്തി മോന്തി
കസവു വേഷ്ടിയുടുത്ത
വിളമ്പുകാരി പെണ്‍കുട്ടികളെ
നുണഞ്ഞ് നുണഞ്ഞ്
താര ഗീത മുംതാസ് ബിന്ദു പ്രീത
ജീ‍വിതതില്‍ നിന്നൊഴിഞ്ഞ പെണ്ണുങ്ങളെ
‍ഉള്ളില്‍ നിറച്ചു

ഓരോ ഷോപ്പിങ് മാളിലേക്കു കയറുമ്പോഴും
താനിതിനു പാകമാകത്തതെന്നു
ഉള്ളിലേക്കവന്‍ തുറിച്ചു നോക്കി

ബര്‍ഗര്‍ അടയാണെന്നും
പിസ്സ ഊത്തപ്പമെന്നും
ഗൃഹാതുരനായി
ചുട്ട കോഴിയെ കടിച്ചു വലിക്കുമ്പോള്‍
ഏറിവരുന്ന ചാത്തസേവകരുടെ എണ്ണമെത്രയെന്നു ഓര്‍മ്മിപ്പിച്ചു
ജീ‍വിതം ഒരു ഗ്രില്ലിനു
മുകളിലെന്നുനെടുവീര്‍പ്പിട്ടു

കെ ഫ് സി യിലെ കോഴി
ഫാക്ടറിയില്‍ നിര്‍മ്മിക്കപ്പെടുന്ന
മാംസവും എല്ലും മാത്രമുള്ള പിണ്ഡമെന്നറിഞ്ഞപ്പോള്‍ ‍ഓക്കാനിച്ചു
തോടുപൊട്ടിച്ച കരച്ചില്‍
‍കോഴിക്കുഞ്ഞുങ്ങളായി വിരിഞ്ഞിറങ്ങി

സന്ധ്യയില്
‍പിക്ക് അപ്പില്‍ കയറ്റി പോകുന്നതൊഴിലാളികള്
‍അറവുമൃഗമെന്ന് പതുക്കെ പറഞ്ഞു
ഒന്നിനു മീതെ ഒന്നായി കട്ടിലുകളിട്ട ശീതികരിച്ച മുറി
മോര്‍ച്ചറിയാണെന്നു വേദനിച്ചു

2
അവന്‍ തിരിച്ചുപോകുന്ന വൈകുന്നേരം

'ഹോട്ട് ഡോഗ്'
പേരില്‍ വല്ലാത്ത താപം
മലയാളത്തിലേക്കു വിവര്‍ത്തിച്ചവന്‍ ചിരിച്ചു
പേപ്പട്ടിയെന്നു ഞാന്‍ തിരുത്തി

നാലു കാലുകള്‍ ഛേദിച്ചനായപോലെ
അതു മലര്‍ന്നു
പകുത്ത നീളന്‍ ബ്രെഡിനു നടുവില്‍
‍ചോരയില്‍ കുതിര്‍ന്ന സോസേജ്

ആണ്മയില്‍പ്പൊതിഞ്ഞ
ഉദ്ധരിക്കുമ്പോഴേ ഛേദിക്കപ്പെട്ട ലിംഗം
സ്വയം മുറിച്ചിട്ടചൂണ്ടു വിരല്‍

ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പ്
പാത്രത്തിലൊരു
ശില്പം പോല്‍കിടന്നു

3 comments:

RAJAN VENKITANGU said...

‘ഹോട്ട് ഡോഗ്‘ വായിച്ച് കഴിഞ്ഞപ്പോള്‍ ഇനി സോസെയ്ജ് തിന്നാന്‍ തോന്നുന്നില്ല. എന്നാലും കലക്കിയിട്ടുണ്ട്.

രാജന്‍ വെങ്കിടങ്ങ്.

t.k. formerly known as thomman said...

കൊള്ളാം, നല്ല കവിതകള്‍!

Kuzhur Wilson said...

ചൂടാറും മുന്‍പ് വന്നല്ലോ. ലത് മതി