Wednesday, January 20, 2010

മരണം മറ്റൊരു തെന്നിവീഴല്‍

കുളിമുറിയിലായിരിക്കും
മരണമെങ്കില്‍
ഉറക്കമുറിയിലെ
ഉടുപ്പിട്ട കിടപ്പിനേക്കാള്‍
എത്ര വ്യക്തവും സുതാര്യവുമായിരിക്കുമത്
മരണത്തിന്റേയും എന്റ്റേയും
തൊട്ടൂ തൊട്ടില്ല
എന്ന കളിയുടെ ഒടുക്കം
തെന്നിവീഴലുകളുടെ അവസാന താക്കീത്


നിലക്കാത്ത ഷവറിന്റെ സംഗീതത്തില്‍
കുറ്റിയിട്ട കുളിമുറി
മരണത്തിന്റെ തിയ്യേറ്ററാകും
പ്രേക്ഷകനും അഭിനേതാവും
ഒരാളാകുന്ന അപൂര്‍വ്വതയുടെ
അവസാന വേദി
അചേതനവസ്തുക്കള്‍
മംഗളഗാനം പാടിത്തുടങ്ങും
വാതിലിന്റെ വിടവിലൂടെ
പുറത്തേക്കൊഴുകുന്ന
ചോരകലര്‍ന്ന വെള്ളം
അറിയിക്കും
വാതില്‍ കുത്തിപ്പൊളിക്കൂ
ഒറ്റനിമിഷം ദൈര്‍ഘ്യമുള്ള
ഒറ്റരംഗമുള്ള നാടകം തുടങ്ങുകയായി
കാണാന്‍ വരൂ
എന്നതിന്റെ മണി മുഴക്കും


ജനിച്ചപടി തിരിച്ചുപോകുന്നതിന്നപ്പുറം
സുന്ദരമായ മടക്കമേത്
കുളിത്തൊട്ടിയില്‍
രക്തംകലര്‍ന്ന ജലത്തില്‍
മലര്‍ന്നുകിടക്കുന്നതിന്നപ്പുറം
ഏതു സമാധിയുണ്ട്


ധരിച്ചുവെച്ചതെല്ലാം ഊരിയെടുക്കുന്ന
കുളിമുറി
മറ്റൊരു ഗര്‍ഭപാത്രമാണ്
ഏകാന്തജലാവരണത്തില്‍
ഞാന്‍ വളരുന്ന ഇടം
അതിനാല്‍
കുളിമുറിയിലെ മരണം
മറ്റൊരു പുതുജന്മം പോലെ
ഏറ്റവും ചോരനിറമാര്‍ന്നതായിരിക്കും
കിടപ്പുമുറിയേക്കാള്‍
എത്രയോ നിഷ്ക്കളങ്കം

12 comments:

പകല്‍കിനാവന്‍ | daYdreaMer said...

മതി.. എനിക്കു കുളിമുറിയിൾ തന്നെ മരിക്കണം..!
!!!
നല്ല കവിത.

ശ്രദ്ധേയന്‍ | shradheyan said...

പേടിപ്പെടുത്തുന്ന ഒരു തരം സുഖം. മരണം ഈ കവിത പോലെ ആസ്വാദ്യകരമാണോ?

Melethil said...

കുറെ ദിവസത്തിന്റെ ശേഷം ഒരു നല്ല കവിത!

കുളിമുറി
മറ്റൊരു ഗര്‍ഭപാത്രമാണ്
ജലാ‍വരണത്തില്‍
നഗ്നമായ ഏകാന്തതയില്‍
ഞാന്‍ വളരുന്ന ഇടം
കുളിമുറിയിലെ മരണം
ഗര്‍ഭസ്ഥശിശുവിന്റെ മരണം പോലാണ്

good one!

Ranjith chemmad / ചെമ്മാടൻ said...

ചോര കലര്‍ന്ന നിന്റെ വരികള്‍!!!
പകലാ... ഞാനും അങ്ങനെത്തന്നെ!
അനൂപ് നല്ല കവിതയ്ക്ക് നന്ദി...

അനൂപ് ചന്ദ്രന്‍ said...

നന്ദി
കോമ്രേഡ്സ്..

ദേവസേന said...

വായിച്ചു തീര്‍ന്ന് ഒരു രാത്രി കഴിഞ്ഞിട്ടും മരണം കൂടെയുണ്ടെന്ന് തോന്നിപ്പിക്കുന്നു.
ഭീകരം.

ആശംസകള്‍

സെറീന said...

വന്യമായിത് മോഹിപ്പിയ്ക്കുന്നു..

രാജേഷ്‌ ചിത്തിര said...

മോഹിപ്പിക്കുന്ന മരണത്തിന്റെ വരികള്‍
നന്നായി

വെഞ്ഞാറന്‍ said...

Nannaayirikkunnu.

അഭിമന്യു said...

ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ്‌ ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

അമ്മ നഗ്നയല്ല

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

ഹോ! വല്ലാത്ത കവിത!
കുളിച്ചുവളര്‍ന്ന ഗര്‍ഭപാത്രം മുതല്‍ എത്ര കുളിയിടങ്ങള്‍.. പുഴ കുളം..കടല്‍ ...
മഴയും നല്ല കുളിമുറിയല്ലേ?

bobs said...

dear sir,
i still prefer the old onessssssss