Wednesday, November 4, 2009

SMS (സ്നേഹം മരണം സംഗം)

1
നിന്റെ ഓര്‍മ്മയില്‍
കുത്തിത്തറക്കുന്നു
വാക്കുകള്‍
അക്വേറിയത്തിലെ മീനുകളെ പോലെ
എന്റെ ചില്ലിന്‍ കൂടില്‍ മുട്ടി നില്‍ക്കുന്നു
നിന്നെ തൊടാതെ നിന്നെ കണ്ട്

2
നമ്മള്‍ കൂട്ടിമുട്ടുന്ന ജ്യോമട്രി എന്തായിരിക്കും
ഏതായിരിക്കും ആ ഡയഗ്രം

3

എന്നെ വയലിനാക്കുന്നു
നിന്റെ ചുംബനത്തിന്റെ ശലാക
എന്റെ തന്ത്രികളില്‍
തിര്‍ശ്ചീനമായ ദ്രുതസഞ്ചാരം

4
ഉടലുകള്‍ ചേര്‍ന്നൊരു കുരിശുണ്ടാകുന്നു
പ്രണയത്തിന്റെ കുരിശ്

5

മൈക്രോ വേവു പോലെ നീ
പ്രണയതരംഗത്തില്‍
ഞാന്‍ പൊള്ളുന്നു

തീവണ്ടി താളത്തില്‍
നിന്നെ ഞാന്‍ പ്രേമിക്കും

6

എന്റെ പെണ്ണേ
ഇത്രപെട്ടെന്നു എണ്ണമറ്റ ഒതുക്കുകളിറങ്ങി
എങ്ങനെ
എന്റെ ആഴത്തിലേക്കെത്തി
ഞാന്‍ പദസ്വനം കേട്ടതേയില്ല
എടുത്തു ചാടിയതോ

7
നിന്നെ കാണാതെ ഞാന്‍ മരിച്ചു പോകുമോ
മരണമേ നീ മാറി നില്‍ക്കൂ
അവളെ തൊടുംവരെ
എന്നെ തൊട്ടു തീണ്ടാതെ

ജീവിതത്തില്‍ മരണമെന്നപോല്‍
മരണത്തിനും ജീവിതം കാണുമായിരിക്കും

8

സ്വപ്നത്തില്‍ ദൂരങ്ങളില്ല
അതിന്റെ ഭൂപടം എത്ര ചെറുത്

9
എന്റെ സ്നേഹത്തില്‍ നീ പുനര്‍ജ്ജനിച്ചുകൊണ്ടേയിരിക്കും
പല വര്‍ണ്ണത്തില്‍ പല പൂവുകളായ്

10

സന്ധ്യാരാഗം പോലെ നീ മിടിക്കുന്നു
നിന്റെ കണ്ണുകളില്‍
എന്റെ സന്ധ്യ വീണു ചിതറി

11

മുറുകെ പുണരലിന്റെ കാറ്റും
ഉമ്മകളുടെ
മഞ്ഞയും നീലയും കലര്‍ന്ന ചിത്രശലഭങ്ങളും
കൊടുത്തയക്കുന്നു

12

ദൈവത്തെ നാം കാണുന്നില്ല
പക്ഷേ നിരന്തരം സംസാരിക്കുന്നുണ്ട്
നീ എനിക്ക് അങ്ങനൊന്ന്
അതിനാല്‍
നീ എന്റെ എല്ലാം ആകുന്നെന്നും
എന്റെ മാത്രം ആകുന്നെന്നും
നീ എന്നോടും
ഞാന്‍ നിന്നോടും
പറഞ്ഞിരിക്കുന്നു
നാം മാത്രം അറിയുന്ന
ദൈവ സാന്നിദ്ധ്യം
ദൈവങ്ങളായ് പരസ്പരം പുനര്‍ജ്ജനിക്കുന്ന
അപൂര്‍വ്വത

13

മഴത്തുള്ളികളോടു പറയൂ
ഭൂമിയില്‍ നിന്ന് ആകാശത്തിലേക്കു പെയ്തു
എന്നെ തണുപ്പിക്കാന്‍
പ്രണയത്താല്‍ ഞാന്‍ കത്തിതീരും മുന്‍പേ

14

ചുണ്ടുകളുരുകി വീഴും വരെ
നിന്നെ ഉമ്മവെക്കട്ടെ
അതിനെത്ര സമയമെടുക്കും?

15

പ്രേമിക്കുന്നവര്‍ പട്ടാളക്കാരെപ്പോലെ
ഏതു സ്ഥിതിയിലും കുലുങ്ങാതെ..

16
ഉമ്മവെക്കുമ്പോള്‍
ചുണ്ടുകള്‍ പരസ്പരമറിയും
എന്നോ പിരിഞ്ഞവരായിരുന്നല്ലോ നാം

17

എന്റെ രോമകൂപങ്ങളും പ്രാര്‍ത്ഥനയോടെ
നിന്റെ പേരുരുവിടുന്നു
പ്രണയത്താല്‍ ശ്വാസം കിട്ടാതെ
നിന്റെ നിശ്വാസത്തിലേക്കു വിലപിക്കുന്നു

18

നിന്നെ കാറ്റ്
നാണമില്ലാതെ പുണരുമ്പോള്‍
അസൂയ തോന്നുന്നു
ഇപ്പോള്‍ ദൈവം മുന്നില്‍ വന്നാല്‍
പറയുമായിരുന്നേനെ
എന്നെ കാറ്റാ‍ക്കാന്‍

19

എന്റെ സ്വപ്നമേ
നീ കനമില്ലാതെ മഴയായ് പുറത്തു തൂവുന്നു
എന്റ്റെ മണ്ണ്
അത്ര വരണ്ടതോ
നിന്റെ മഴകള്‍ അതു പഠിപ്പിക്കുന്നു

20

പ്രണയത്താല്‍ മുറിവേറ്റ
പുഴയില്‍ നിന്ന്
ഒറ്റക്കൊരു വേനല്‍
സൂര്യനെ കാണുന്നു

21

ഞാന്‍
നൂറു തന്ത്രികളുള്ള ഉപകരണം
എന്നെ തൊടൂ
ചെവികളാല്‍ കേള്‍ക്കാന്‍പറ്റാത്ത
വിരലുകളാല്‍ കേള്‍ക്കുന്ന
സംഗീതം ചുരത്തൂ

22

പ്രണയം
ഒറ്റത്തടിപ്പാലം
നീയപ്പുറത്താണ്
കാണാവുന്ന ദൂരം എത്തിയിട്ടില്ല
കാല്‍ വെപ്പുകളുടെ ചലനത്തില്‍
നാം പരസ്പരം അറിയുന്നു

23

എനിക്ക് സൂര്യന്‍
നീയാണ് പെണ്ണേ
നിന്നെകണ്ടു ഞാനുണരുന്നു
നിന്റെ പ്രഭാതവെയില്‍ കൊണ്ടിരിക്കുന്നു

എപ്പോഴാകും
നീ മാത്രമുള്ള
നാലരയുടെ റെയില്‍വെ സ്റ്റേഷന്‍

24

നിന്റെ പ്രദേശങ്ങള്‍
എനിക്കു പരിചിതമായി
ഞാന്‍ കാണാത്ത
നിന്റെ ഭൂമിക
ഇതാ
എന്റെ മോണിറ്ററില്‍ തെളിയുന്നു

25

ഇതാ
ഞാന്‍ ദൈവത്തെ കാണുന്നു
എന്റെ എല്ല ഉടഞ്ഞ ഒഴുക്കുകളും
നിന്നില്‍ ലയിക്കുന്നു
പ്രവാഹം
അതിന്റെ കരയെ കണ്ടെടുക്കുമ്പോള്‍
കര അതിന്റെ ഒഴുക്കിനെ അറിഞ്ഞപ്പോള്‍
ജീവിതം നീട്ടിക്കിട്ടണേ
എന്നു പ്രാര്‍ത്ഥിച്ചിരിക്കും
എന്നെ പോലെ

26

ഞാനിപ്പോള്‍
കുറെ കൂടുകളുടെ ഒരു കൂട്
നിന്നിലേക്ക് പറക്കാന്‍ വെമ്പുന്ന
വാക്കുകളുടെ ചിറകടികള്‍
കൂടുകളിതാ തുറന്നു വിടുന്നു
നീയൊരു മരമാകട്ടെ
എന്റെ വാക്കുകള്‍ക്കൊരിടം

27

എന്റെ മീരാ
നീയെനിക്ക്
വാക്കുകള്‍ കൃത്യമായി അടുക്കിയ കവിത


28

നിന്നെ വിളിച്ചു വെക്കുമ്പോള്‍
ഞാനിരുണ്ട മുറിയില്‍ അടക്കപ്പെട്ടതു പോലെ
പെട്ടെന്നു വെളിച്ചം കെടുമ്പോലെ
എന്റെ ദൈവം
എന്നോട് ആഞ്ജാപിക്കുന്നു
പ്രണയിച്ചവളെ
ഇല്ലാതാക്കാന്‍


29

ഒരു ബോഗിയില്‍ നിന്ന്
എന്ചിന്‍ വേര്‍പ്പെട്ടു പോകുമ്പോലെ
ട്രാക്കില്‍ അങ്ങിങ്ങു കിടക്കുന്ന
ബോഗികളുടെ ഏകാന്തതപോലെ

30

ഒരോ വിരലുകള്‍ക്കും
ഓരോന്ന് പറയാനുണ്ടാകും
ഓരോ വിരലുകളും
ഓരോ വാക്കുകള്‍
ഓരോ മുദ്രകളും
അര്‍ത്ഥമാക്കുന്നത് അങ്ങനെയല്ലേ

31

ഞാനുണര്‍ന്ന്
വീണ്ടും കിടക്കുന്നു
വെള്ളിയാഴ്ച്ചയുടെ ഒഴിവുദിന കുരിശില്‍

32

നീ പുഴ
അടിയൊഴുക്ക് ഏറെയുള്ളത്

നീ
ഞാനെന്ന വ്യക്തിയുടെ
ആഴങ്ങളിലല്ല
പ്രണയത്തിന്റേതിലാണ്

33

ഒരു മിന്നലായി ഞാന്‍
നിന്റെ പ്രദേശങ്ങള്‍ കാണും
ഒരു മഴയായി ഞാന്‍
നിന്നെ പ്രാപിക്കും
തോര്‍ച്ചയില്‍
എന്റെ കിതപ്പു കേള്‍ക്കും

പുലര്‍ച്ചെ
കെട്ടിക്കിടക്കലില്‍
സുരതശേഷം തെളിയും

34

അയാള്‍ കണ്ണാടിയായ്
അവളവനായ്
ഉടുത്തൊരുങ്ങി
പിന്നീടവനു
മുന്നിലഴിയുമ്പോള്‍
തെളിഞ്ഞയാള്‍
കണ്ണാടിയാമവനില്‍

ഇരു കണ്ണാടിയിലും വീഴാത്ത
അശരീരിയോ അവള്‍

10 comments:

Shamnad. said...

Anooooop ...I m speechles ..Perhaps the eternity of love and passion well reflected in few words ...Unmatched thought process .I could the seed of passion born in your heart , overflowed in your head and slowly and aggressively got strenghtened in your finger tips ..generated the energy of passion ...transmitted through the right frequency ...you are on fire ...

Nice to see the true pasion is emerging !!!

Hey my friend , great work..i hope there are more fortunate people like me , reading this lovely work.

Keep provoking ,
Shamnad

സെറീന said...

ഈ വരികളിലെ പ്രണയിനീ
നിന്‍റെ പാദം തൊടുന്നിടത്തെല്ലാം
താമര വിടരും!

അനൂപ് ചന്ദ്രന്‍ said...

ഷമ്മൂ
ഇനിയും നിന്നെ പ്രൊവോക്കിക്കാനുണ്ടോ

സെറീനാ
നന്ദി

നസീര്‍ കടിക്കാട്‌ said...

ഡാ
പ്രണയത്തിന്റെ മുപ്പത്തിനാല് കഷണങ്ങള്‍
വായിച്ച് തീര്‍ന്നപ്പോഴേക്കും
എന്റെ ഫോണിന്റെ ചാര്‍ജ്ജ് പോയി.

പത്തുപതിനാറ് കൊല്ലങ്ങള്‍ക്ക് മുമ്പ്
ഞാനും
നീയും
ഫോണില്ലാതെ അയച്ച sms കള്‍ ഓര്‍മ്മവന്നു.

അതും
പ്രണയമായിരുന്നിരിക്കണം.
ഞാനോ ആണ്
നീയോ ആണ്?

. said...

ഇപ്പോള്‍ നിന്റെ കവിത
എന്നെ അസ്വസ്ഥയാക്കുന്നു
അവള്‍ നിന്റെ മുന്നില്‍ നിരന്തരം വിവസ്ത്രയാകുന്നത്
എന്നെ അസംതൃപ്തിയുടെ മുഷിഞ്ഞ വസ്ത്രം
ഉടുപ്പിക്കുന്നു
എന്റെ എതിരാളി
തീരെ ദുര്‍ബ്ബലയല്ല
അവള്‍
പലഭാഷകളില്‍
പലശബ്ദത്തില്‍
പല താളത്തില്‍
നിന്നെ പ്രലോഭിപ്പിക്കുന്നു

ശ്രീനാഥന്‍ said...

മനോഹരം ഈ പ്രണയാഭിലാഷ ഹൈക്കുകൾ.അഭിനന്ദനം. 4ൽ ബാലചന്ദ്രൻ.

അനൂപ് ചന്ദ്രന്‍ said...

പ്രിയ ശ്രീനാഥന്‍,

ബാലചന്ദ്രന്റ്റെ
കവിതയില്‍
ലിംഗങ്ങള്‍ ചേര്‍ത്തൊരു കുരിശുണ്ടാക്കി എന്നോ മറ്റോ അല്ലേ..
കൃത്യമായി വരി ഓര്‍മ്മവരുന്നില്ല.

നന്ദി

simy nazareth said...

excellent!

Anonymous said...

വിരല്‍ തട്ടി മറിഞ്ഞിട്ടും
പര്രന്നോഴുകാന്‍ വിടാതെ
പഴന്തുണി നനചാരോ
തുടചെടുക്കയാനെന്നെ
- സുനില്‍ ഗോവര്‍ദ്ധന്‍

ശ്രീജ എന്‍ എസ് said...

Hats off to these lines :)