കുളിമുറിയിലായിരിക്കും
മരണമെങ്കില്‍
ഉറക്കമുറിയിലെ
ഉടുപ്പിട്ട കിടപ്പിനേക്കാള്‍
എത്ര വ്യക്തവും സുതാര്യവുമായിരിക്കുമത്
മരണത്തിന്റേയും എന്റ്റേയും
തൊട്ടൂ തൊട്ടില്ല
എന്ന കളിയുടെ ഒടുക്കം
തെന്നിവീഴലുകളുടെ അവസാന താക്കീത്
നിലക്കാത്ത ഷവറിന്റെ സംഗീതത്തില്‍
കുറ്റിയിട്ട കുളിമുറി
മരണത്തിന്റെ തിയ്യേറ്ററാകും
പ്രേക്ഷകനും അഭിനേതാവും
ഒരാളാകുന്ന അപൂര്‍വ്വതയുടെ
അവസാന വേദി
അചേതനവസ്തുക്കള്‍
മംഗളഗാനം പാടിത്തുടങ്ങും
വാതിലിന്റെ വിടവിലൂടെ
പുറത്തേക്കൊഴുകുന്ന
ചോരകലര്‍ന്ന വെള്ളം
അറിയിക്കും
വാതില്‍ കുത്തിപ്പൊളിക്കൂ
ഒറ്റനിമിഷം ദൈര്‍ഘ്യമുള്ള
ഒറ്റരംഗമുള്ള നാടകം തുടങ്ങുകയായി
കാണാന്‍ വരൂ
എന്നതിന്റെ മണി മുഴക്കും
ജനിച്ചപടി തിരിച്ചുപോകുന്നതിന്നപ്പുറം
സുന്ദരമായ മടക്കമേത്
കുളിത്തൊട്ടിയില്‍
രക്തംകലര്‍ന്ന ജലത്തില്‍
മലര്ന്നുകിടക്കുന്നതിന്നപ്പുറം
ഏതു സമാധിയുണ്ട്
ധരിച്ചുവെച്ചതെല്ലാം ഊരിയെടുക്കുന്ന
കുളിമുറി
മറ്റൊരു ഗര്ഭപാത്രമാണ്
ഏകാന്തജലാവരണത്തില്
ഞാന്‍ വളരുന്ന ഇടം
അതിനാല്‍
കുളിമുറിയിലെ മരണം
മറ്റൊരു പുതുജന്മം പോലെ
ഏറ്റവും ചോരനിറമാര്ന്നതായിരിക്കും
കിടപ്പുമുറിയേക്കാള്‍
എത്രയോ നിഷ്ക്കളങ്കം
Wednesday, January 20, 2010
Subscribe to:
Posts (Atom)