അല്‍ റീഫിലെ ഷവര്‍മ്മക്കാരന്‍ ശിവരാമന്
‘ശിവരാമന്'
രണ്ടു ദൈവങ്ങള്‍
ഇണ ചേര്‍ന്ന പേരായിരുന്നതിനാലാണ്
ഇറാനിയന്‍ റെസ്റ്റോറന്റിലെ
പണി തെറിച്ചത്
ഡിസംബര്‍ ആറില്‍
തകര്‍ന്നതു മസ്ജിദായിരുന്നില്ല
ജീവിതമായിരുന്നു
അന്നു തൊട്ട്
എന്റെ രാജ്യം
കരിനീലച്ചട്ടയുള്ള
പുസ്തകം മാത്രമായി
താളുകളില്‍
അച്ഛന് കൃഷ്ണന്
അച്ഛാഛന്‍ സുബ്രഹ്മണ്യന്
ത്രിശൂലമേന്തിയ ദൈവങ്ങള്‍ അലറി
മതത്തിന്റെ കള്ളിയില്‍
ഉറഞ്ഞു തുള്ളുന്ന കാവിപ്പതാക
എവിടേയും അശരണമാക്കി
പേര്
എളുപ്പത്തില്‍
ഊരാനും ഉടുക്കാനുമുള്ള
കുപ്പായമെന്നു ധരിച്ചതെല്ലാം
വെറുതെയായിരുന്നു
നീക്കം ചെയ്യാനാകത്തത്ര വളര്‍ന്ന
അവയവമെന്ന് ആട്ടിയകറ്റലുകള്‍ തീര്‍ച്ചപ്പെടുത്തി
നിങ്ങളെന്നും
ഞങ്ങളെന്നും
രണ്ടായി മുറിച്ച മുറിവിലൂടെ
ഇഴഞ്ഞ നീണ്ട കാലം
കൈപ്പുണ്യ ഗംഗയില്‍
പേരിലെ പാപം മുങ്ങിമരിച്ചതിനാലോ
ചൂടില്‍ ചുവന്നു തുടുക്കും മുഖമുള്ളതിനാലോ
ശിവരാമനെന്ന നാമശബ്ദത്തില്‍
ഷവര്‍മ്മ രുചിയുള്ളതിനാലോ
ഇവിടെ ഷവര്‍മ്മക്കാരനായി
പതിനാറു വര്‍ഷം
നാടും വീടും
തിളങ്ങുന്ന നീളന്‍ കത്തിമാത്രമാണു
സുഹൃത്തേ
മൂര്‍ച്ചയിലരിഞ്ഞരിഞ്ഞില്ലാതാകുന്ന
വെന്തുരുകുന്ന മാംസമല്ലാതെ
മറ്റൊന്നുമല്ല ജീവിതം
ചോദിച്ചതിനാല്‍ പറഞ്ഞു
കേട്ടതിനാല്‍ തുടര്‍ന്നു
അമര്‍ത്തിവെക്കപ്പെട്ടവരുടെ ആത്മകഥകളല്ലേ
ലോകത്തിന്റെ ആത്മകഥ
Saturday, August 8, 2009
Subscribe to:
Posts (Atom)