
ഇരുപത്തിമൂന്നാം
മുറിയിലെത്തുമ്പോഴേക്കും
നീ ഉറക്കത്തിന്റെ
പതിമൂന്നാം ആഴത്തിലായിരിക്കും
കുറച്ചു കൂടെ വൈകിയാല്‍
അബോധത്തിന്റെ അടിമുട്ടും
പല്ലിയോ പഴുതാരയോ
പരകോടി ബാക്ടീരിയകളോ
എന്നെ തിരിച്ചറിയില്ല
എന്തിന്
ആത്മാവിന്റെ ഉടലിനെ
ആദ്യം കാണുന്ന നായപോലും
മൌനത്തിലാകും
പൂച്ചകള്‍ പൂക്കളായ് തലയാട്ടും
കാരണം
ചെകുത്താന്റെ പ്രണയം
ഭൂമിയില്‍ ആഘോഷിക്കാന്‍
എനിക്കായ് ഈ രാത്രി
ദൈവം അനുവദിച്ചിരിക്കുന്നു
പ്രകാശവര്‍ഷങ്ങള്‍ കൂടുമ്പോള്‍
ഒറ്റ തവണ
ഒറ്റ പാതിര
അത്രയും ഒച്ചയില്ലാതെ
ഞാനരികിലെത്തും
എന്റെ നിശ്വാസം
മരിച്ചവന്റെതില്‍ നിന്നു
വ്യത്യസ്തമായിരിക്കില്ല
നിശ്ശബ്ദതായേക്കാള്‍ താഴ്ന്നതു
മിടിച്ചു കൊണ്ടേയിരിക്കും
നീ ഒന്നും അറിയില്ല
എന്റ്റെ സാമീപ്യത്തില്‍
നിന്റെ ഒടുവിലെ സ്വപ്നത്തിന്
അപഭ്രംശം ഉണ്ടാകാം
മറ്റൊരു കാന്തിക മണ്ഡലം
മോണിറ്ററില്‍ തീര്‍ക്കുന്ന
ഓളങ്ങള്‍ പോലൊന്ന്
നിന്റെ മുറി
കഴുകാതെ ചിതറിക്കിടക്കുന്ന
അടിവസ്ത്രങ്ങള്‍
മുഷിഞ്ഞ ദിവസങ്ങള്‍
അതില്‍ രേഖപ്പെടുത്തിയ
ഏകാന്ത വിചാരങ്ങളുടെ ഭൂപടങ്ങള്‍
മലര്‍ന്നും കമിഴ്ന്നും
ചെരിഞ്ഞും നിവര്‍ന്നും കിടക്കുന്ന
പുസ്തകങ്ങളുടെ അപൂര്‍ണ്ണ വായനകള്‍
നീ അഗാധമായ സ്നേഹത്തിലാണെന്നു
വിളിച്ചു പറഞ്ഞ്
അവ വീണ്ടും മയക്കത്തിലായി
നിന്റെ അലമാരയില്‍
തൂങ്ങിക്കിടക്കുന്നത്
ശരീരങ്ങളില്ലാത്ത ആത്മാവുകള്‍
അതോ
വസ്ത്രങ്ങളുടെ ആത്മാവുകളോ ശരീരങ്ങള്‍
വൈപരീത്യങ്ങളില്‍ കുടുങ്ങി
സമയം കളയാനില്ല
പുലരും മുന്‍പേ
ഈ ഉടല് തിരികെ കൊടുക്കണം
ആരുടെ ഉടലാണിത്
ഓ!
എന്നോടു ഉല്‍ക്കടമായ പ്രേമം കാണിച്ച
ആ സുന്ദരന്റെ .
അവനുണര്‍ന്ന്
ശരീരം പരതി പരതി
തളരും മുന്‍പേ തിരിച്ചെത്തെണം
നിന്റെ പ്രണയശരീരം
മരക്കുരിശുപോലെന്നെ തെറിപ്പിക്കും
കട്ടില് ദൈവത്തിന്റെ കല്ലറയാകും
എനിക്കതപ്രാപ്യം
നിന്നെ ഉണര്‍ത്താതെ
നിന്റെ ആത്മാവിന്റെ ശരീരത്തില്‍
എന്നെ സന്നിവേശിപ്പിക്കണം
എല്ലാം നിനക്കു സ്വപ്നമായിരിക്കും
കഴുത്തിലെ
തൊട്ടാല്‍ സംഗീതം ചുരത്തുന്ന
ഒറ്റ ഞരമ്പില്‍ വെക്കുന്ന ഉമ്മകള്‍
കോമ്പല്ലുകളായി
പരിണമിക്കുന്നതു നീ അറിയുമോ
എന്റെ പ്രണയം
നിന്നിലേക്കൊഴുക്കി
ഞാന്‍ വിളറുന്നു
ഇപ്പോള്‍
നീ പൂര്‍ണ്ണപ്രണയിനിയായിരിക്കുന്നു
അവന്റെ വിവശമായ ചുംബനമേറ്റുവാങ്ങാന്‍
നീ പ്രാപ്തയായിരിക്കുന്നു
അവന്റെ കിടക്കയില്‍
സ്പര്‍ശത്താല്‍ പൂക്കാടാകും
അവന്റെ ചുംബനത്താല്‍
ഓരോ കൂപത്തില്‍ നിന്നും
പുല്‍ക്കിളിര്‍ക്കും
അവനുമാത്രം മേയാനുള്ള താഴ്വരയാകും നീ
നൂറ്റാണ്ടുകള്‍ പഴക്കമുള്ള വീഞ്ഞായ്
ഭൂമിക്കടിയില്‍ തുടിക്കും
പ്ലക്ക് എന്ന ശബ്ദത്താല്‍
അവന് നിന്റെ കോര്‍ക്കുകള്‍ തുറക്കും
നീ അവനുവേണ്ടി മാത്രം
സജ്ജമായിരിക്കുന്നു
രക്തം വാര്‍ന്നുവാര്‍ന്നു
ഞാന്‍ നിലാവായി കൊണ്ടിരിക്കുന്നു
എനിക്കു വിരമിക്കാന്‍ സമയമായി
ഈ രാത്രിക്കായല്ലാതെ
എന്തിനു ഞാന്‍ പുനര്‍ജ്ജനിച്ചു
ഏതു പ്രപഞ്ച പഥത്തില്‍
എവിടെവെച്ച്
എന്നു നിന്നെ ഞാന്‍ പിരിഞ്ഞു
ചെകുത്താനേ.......
എന്നെ കൈവിടരുത്
നേരം വെളുക്കാതിരിക്കാന്‍
എന്തെങ്കിലും ചെയ്യൂ