മരം പോലെ
എന്തിത്ര പരുക്കന്
നിന്റെ കൈ
ശരിയാണു
കൈകള് കുത്തി
കാലുകള് മേലോട്ടുയര്ത്തിയാല്
പത്തു വേരില് പടര്ന്ന
രണ്ടു ചില്ലകളുള്ള
ഇലയില്ലാ മരമാണു ഞാന്
അതുമാത്രമോ
കേള്ക്കുന്നില്ലേ നെഞ്ചില്
കളകളമൊഴുകും അരുവികള്
കിതപ്പില് കൂറ്റന് ചിറകടി
പുലിനോട്ടങ്ങള്
മാനൊതുക്കങ്ങള്
എത്ര തട്ടിക്കളഞ്ഞാലും പോകാതെ
വീര്ത്തിരിക്കും നോവുകള്
തീരാമഴയില്
ചതുപ്പാകും ഉള്ളിന് തണുപ്പുകള്
നിന്റെ കിരണങ്ങള്
എത്തി നോക്കാത്ത
എന്റെയിരുട്ടുകള്
നിന്റെ നിശ്വാസത്തില്
കത്തും എന്റെ കരിയിലകള്
ഒരാള്ക്കുള്ള പാതയില്
മണ്ണിന് നെറ്റിപ്പട്ടം കെട്ടിയ
ഒറ്റക്കൊമ്പന്
എന്റെ സ്നേഹം
ഒറ്റ കുത്തിനു കോര്ക്കട്ടെ നിന്നെ
മരത്തിനെ സ്നേഹിക്കും പോല്
എളുതല്ല കൊടും കാട്
പട്ടുനൂൽപ്പുഴുവിന്റെ ഉറവിടങ്ങൾ
1 week ago

No comments:
Post a Comment