Tuesday, July 28, 2009

സ്വയം ഭോഗം

ചുരുട്ടിയ മുഷ്ടിക്കുള്ളില്‍
ദൃഢമായിരുന്നാ തത്വശാസ്ത്രം
ഉയര്‍ത്തിയും താഴ്ത്തിയും
സ്ഖലിച്ചു വിഫലമായ് തെറിച്ചു
കുഴഞ്ഞതാണതിന്‍ ചരിത്രം

Saturday, July 25, 2009

ആള്‍വരപ്പുകള്‍ - മൂന്ന്

സണ്‍ റൈസ് സൂപ്പര്‍മാര്‍ക്കറ്റിലെ റഫീക്ക്

ഇറച്ചിക്കോഴിയെക്കാണുമ്പോള്‍
ഇപ്പോള്‍ പിറന്ന കുഞ്ഞ് ഓര്‍മ്മയാകും
തൊലിയുരിക്കുമ്പോള്‍
ഉടുപ്പൂരുമ്പോലെയും

കണ്ടിട്ടില്ല ഇതുവരേക്കും
കന്നിമകളെ
ഉടുപ്പണിയിച്ചിട്ടില്ലൊന്നുമ്മവെച്ചിട്ടില്ല

തൊലിയുരിഞ്ഞതിനെ
എങ്ങനെ ഞാനുടുപ്പിക്കും വീണ്ടും
അതാസാധ്യമെന്നതിനാല്‍
കൊത്തിയരിഞ്ഞേയിരിക്കുന്നു
അച്ഛനായതിന്‍ സുഖദു;ഖങ്ങള്‍

വേവിക്കുമ്പോള്‍
തിളച്ചുവരുമെന്റ്റെ ഖേദങ്ങള്‍
കണ്ടതായ് നടിക്കേണ്ട
നിങ്ങള്‍ തന്നാഹ്ലാദമാണെന്റ്റെയന്നം
അതുമാത്രമോര്‍ക്കെന്നാപ്തവാക്യം

മഴ ഒരു അറേബ്യന്‍ ട്രാജഡി

(കാത്തിരുന്നു കാണാതെ പോയ നാടകത്തിനും
കാത്തിരിക്കാതെ പെയ്ത മഴക്കും)


അപ്രതീഷിതമായ മഴ
അതൊരു കലാപം
എത്ര പേരെ അഭയാര്‍ത്ഥികളാക്കും

ഷാര്‍ജ
ഡ്രെയിനേജുകളില്ലാത്ത നഗരം
പുറംവഴികളില്ലാത്ത
ജനതയുടെ
കെട്ടി നിര്‍ത്തല്‍ പോലെ
ഉള്‍ വഴികള്‍ വീര്‍ത്തു കിടന്നു

ഞാനെന്റെ വണ്ടിയെ എവിടെത്തളക്കും?
നിറഞ്ഞു കവിഞ്ഞ വെള്ളത്തിനൊപ്പം
പാര്‍ക്കാന്‍ ഇടംകിട്ടാതെ
അലഞ്ഞു തിരിയുന്ന ഗതികെട്ട
ആത്മാക്കള്‍


‍പാര്‍ക്കുമിടങ്ങള്‍ സെമിത്തേരി പോലെ
ഇതാ ഇപ്പോള്‍വരാം
എന്നിറങ്ങിപ്പോയ
ശവങ്ങളെ കാത്തിരിക്കുന്ന പെട്ടികളാണു കാറുകള്‍
കവിത പൊറുതി മുട്ടിക്കുമ്പോള്‍
ഇറുകിയ ജീവിതം ഉപേക്ഷിക്കാന്‍ തോന്നുമ്പോലെ
ഞാനീ കാര്‍ പെരുവഴിയില്‍ അനാഥമാക്കും
അതിന്റെ നാലുമിഴികള്‍
അടച്ചും തുറന്നും
മരണത്തെ സൂചിപ്പിക്കട്ടെ


വെയിലു മാത്രം ശീലിച്ച
എന്റെ കുട ആദ്യമായി മഴ കൊണ്ടു
നനവില്‍ വീണ്ടും കറുത്തു യുവാവായി


മഴയുടെ തകര്‍ത്ത ഏകാഭിനയം
കൂടാരത്തിന്നകം നിറയെ വെള്ളം
കോരിക്കോരിക്കളഞ്ഞ്
റിച്ചാര്‍ഡ് മൂന്നാമന്‍
വീണ്ടും പ്രതീക്ഷയായി


പെട്ടെന്നതാ തെരുവുനാടകക്കാരെപ്പോലെ
അവിടെ നിന്നും ഇവിടെ നിന്നും മഴ
സ്പോട്ട് ലൈറ്റുകളെ
അന്ധരാക്കി
ഇരിപ്പിടങ്ങളും നാടകക്കോപ്പുകളും
ഇനിയുണ്ടാകരുതെന്ന വാശിയോടെ
മഴ തിരശ്ശീല ഉയര്‍ത്തി

മൂന്നു സീനുകളുള്ള
രണ്ടു മണിക്കൂര്‍ നീണ്ട മഴനാടകം
ഒരോ സീനിനുമിടയിലെ
ഇടവേളകളില്‍
ആളുകള്‍ നാടകം കളിച്ചു
മഴ കളിക്കുമ്പോള്‍
ആളുകള്‍ ആവലാതി നിറഞ്ഞ
ആനന്ദത്തോടെ കണ്ടു നിന്നു

രണ്ടും നാടകം

റിച്ചാര്‍ഡ് മൂന്നാമന്‍
അണിയറയിലിരുന്നു
ചായം തേച്ചു

ചായയും കടലപ്പുഴുങ്ങിയതും
വില്‍ക്കുന്ന കാസര്‍ക്കോട്ടുക്കാരന്‍ മാത്രം
നാടകം ഞ്ഞിം കാണാലോ
ഇന്റെ കുട്ടിയോളെ കാണുമ്പോലെയാ
അയാളുടെ കണ്ണുകളിലെ മഴ
ചരിത്രം തുടങ്ങുമ്പോഴേയുള്ളത്
എത്ര പെയ്തിട്ടും തോരാതെ


തെക്കിക്കളയുന്ന വെള്ളത്തിനൊപ്പം
നടീ നടന്മാരും
പുറത്തേക്കു തെറിച്ചു
മഴ അവര്‍ക്കായ്
പുതിയനാടകം തീര്‍ത്തു
ഭൂമിക്കത്ര പ്രായമുള്ള
പശ്ചാത്തല സംഗീതത്തില്‍
അവര്‍ നിര്‍ഭാഷണ‍ത്തിലേര്‍‍പ്പെട്ടു
ചായങ്ങളും ഉടുപുടവയുമില്ലാതെ
ശബ്ദ വിന്ന്യാ‍സങ്ങളോ
ദീപ വിതാനങ്ങളോയില്ല്ലാതെ
നഗ്നരായ മനുഷ്യരുടെ വിലാപം

മഴ ഒരു ട്രാജഡി ചമച്ചു

ഏതായിരുന്നു യഥാര്‍ത്ഥ നാടകം
മഴ എഴുതിയ നാടകമോ
മഴ ഒഴുക്കിക്കളഞ്ഞ നാടകമോ