Tuesday, May 12, 2009

ഡ്രാക്കുള - ഒരു പ്രേമ(ത) കവിത


ഇരുപത്തിമൂന്നാം
മുറിയിലെത്തുമ്പോഴേക്കും
നീ ഉറക്കത്തിന്റെ
പതിമൂന്നാം ആഴത്തിലായിരിക്കും
കുറച്ചു കൂടെ വൈകിയാല്‍
‍അബോധത്തിന്റെ അടിമുട്ടും

പല്ലിയോ പഴുതാരയോ
പരകോടി ബാക്ടീരിയകളോ
എന്നെ തിരിച്ചറിയില്ല
എന്തിന്
ആത്മാവിന്റെ ഉടലിനെ
ആദ്യം കാണുന്ന നായപോലും
മൌനത്തിലാകും
പൂച്ചകള്‍ പൂക്കളായ് തലയാട്ടും
കാരണം
ചെകുത്താന്റെ പ്രണയം
ഭൂമിയില്‍ ആഘോഷിക്കാന്‍
എനിക്കായ് ഈ രാത്രി
ദൈവം അനുവദിച്ചിരിക്കുന്നു
പ്രകാശവര്‍ഷങ്ങള്‍ കൂടുമ്പോള്‍
ഒറ്റ തവണ
ഒറ്റ പാതിര

അത്രയും ഒച്ചയില്ലാതെ
ഞാനരികിലെത്തും
എന്റെ നിശ്വാസം
മരിച്ചവന്റെതില്‍ നിന്നു
വ്യത്യസ്തമായിരിക്കില്ല
നിശ്ശബ്ദതായേക്കാള്‍ താഴ്ന്നതു
മിടിച്ചു കൊണ്ടേയിരിക്കും

നീ ഒന്നും അറിയില്ല
എന്റ്റെ സാമീപ്യത്തില്‍
നിന്റെ ഒടുവിലെ സ്വപ്നത്തിന്
അപഭ്രംശം ഉണ്ടാകാം
മറ്റൊരു കാന്തിക മണ്ഡലം
മോണിറ്ററില്‍ തീര്‍ക്കുന്ന
ഓളങ്ങള്‍ പോലൊന്ന്

നിന്റെ മുറി
കഴുകാതെ ചിതറിക്കിടക്കുന്ന
അടിവസ്ത്രങ്ങള്‍
‍മുഷിഞ്ഞ ദിവസങ്ങള്‍
‍അതില്‍ രേഖപ്പെടുത്തിയ
ഏകാന്ത വിചാരങ്ങളുടെ ഭൂപടങ്ങള്‍

മലര്‍ന്നും കമിഴ്ന്നും
ചെരിഞ്ഞും നിവര്‍ന്നും കിടക്കുന്ന
പുസ്തകങ്ങളുടെ അപൂര്‍ണ്ണ വായനകള്‍
‍നീ അഗാധമായ സ്നേഹത്തിലാണെന്നു
വിളിച്ചു പറഞ്ഞ്
അവ വീണ്ടും മയക്കത്തിലായി

നിന്റെ അലമാരയില്‍
തൂങ്ങിക്കിടക്കുന്നത്
ശരീരങ്ങളില്ലാത്ത ആത്മാവുകള്‍
അതോ
വസ്ത്രങ്ങളുടെ ആത്മാവുകളോ ശരീരങ്ങള്‍
‍വൈപരീത്യങ്ങളില്‍ കുടുങ്ങി
സമയം കളയാനില്ല

പുലരും മുന്‍പേ
ഈ ഉടല്‍ തിരികെ കൊടുക്കണം
ആരുടെ ഉടലാണിത്
ഓ!
എന്നോടു ഉല്‍ക്കടമായ പ്രേമം കാണിച്ച
ആ സുന്ദരന്റെ .
അവനുണര്‍ന്ന്
ശരീരം പരതി പരതി
തളരും മുന്‍പേ തിരിച്ചെത്തെണം

നിന്റെ പ്രണയശരീരം
മരക്കുരിശുപോലെന്നെ തെറിപ്പിക്കും
കട്ടില്‍ ദൈവത്തിന്റെ കല്ലറയാകും
എനിക്കതപ്രാപ്യം
നിന്നെ ഉണര്‍ത്താതെ
നിന്റെ ആത്മാവിന്റെ ശരീരത്തില്‍
എന്നെ സന്നിവേശിപ്പിക്കണം
എല്ലാം നിനക്കു സ്വപ്നമായിരിക്കും

കഴുത്തിലെ
തൊട്ടാല്‍ സംഗീതം ചുരത്തുന്ന
ഒറ്റ ഞരമ്പില്‍ വെക്കുന്ന ഉമ്മകള്‍
കോമ്പല്ലുകളായി
പരിണമിക്കുന്നതു നീ അറിയുമോ

എന്റെ പ്രണയം
നിന്നിലേക്കൊഴുക്കി
ഞാന്‍ വിളറുന്നു

ഇപ്പോള്‍
‍നീ പൂര്‍ണ്ണപ്രണയിനിയായിരിക്കുന്നു
അവന്റെ വിവശമായ ചുംബനമേറ്റുവാങ്ങാന്‍
നീ പ്രാപ്തയായിരിക്കുന്നു
അവന്റെ കിടക്കയില്‍
‍സ്പര്‍ശത്താല്‍ പൂക്കാടാകും
അവന്റെ ചുംബനത്താല്‍
ഓരോ കൂപത്തില്‍ നിന്നും
പുല്‍ക്കിളിര്‍ക്കും
അവനുമാത്രം മേയാനുള്ള താഴ്വരയാകും നീ
നൂറ്റാണ്ടുകള്‍ പഴക്കമുള്ള വീഞ്ഞായ്
ഭൂമിക്കടിയില്‍ തുടിക്കും
പ്ലക്ക് എന്ന ശബ്ദത്താല്‍
‍അവന്‍ നിന്റെ കോര്‍ക്കുകള്‍ തുറക്കും
നീ അവനുവേണ്ടി മാത്രം
സജ്ജമായിരിക്കുന്നു

രക്തം വാര്‍ന്നുവാര്‍ന്നു
ഞാന്‍ നിലാവായി കൊണ്ടിരിക്കുന്നു
എനിക്കു വിരമിക്കാന്‍ സമയമായി



ഈ രാത്രിക്കായല്ലാതെ
എന്തിനു ഞാന്‍ പുനര്‍ജ്ജനിച്ചു
ഏതു പ്രപഞ്ച പഥത്തില്‍
എവിടെവെച്ച്
എന്നു നിന്നെ ഞാന്‍ പിരിഞ്ഞു

ചെകുത്താനേ.......
എന്നെ കൈവിടരുത്
നേരം വെളുക്കാതിരിക്കാന്‍
എന്തെങ്കിലും ചെയ്യൂ




Friday, May 1, 2009

മെയ് ദിനം - രണ്ടു കവിതകള്‍




ഒന്ന്

നഗരം അവരെ ഓടിച്ചു പിടിച്ചു
വലിയ വണ്ടികളിലടച്ചു
പുല്ലിനോടൊപ്പം
പറിച്ചെടുത്തു
കുട്ടികളുടെ പാര്‍ക്കിലേക്ക്
ഒളിഞ്ഞു നോക്കി നില്‍ക്കുന്നവരെ
മരങ്ങളെപ്പോലെ മുറിച്ചെടുത്തു


വിജനമായ ഒരിടത്ത്
ഇറക്കിവിട്ടു
അവര്‍
അവിവാഹിതരും
തൊഴിലാളികളുമായിരുന്നു

അവിവാഹിതരായതോ
വിവാ‍ഹം കഴിഞ്ഞും
ഒന്നിച്ചു ജീവിക്കാനാവതെ
മുഷിഞ്ഞതു കൊണ്ടോ
വിയര്‍ത്തു നാറുന്നതുകൊണ്ടോ
വയറ്റില്‍ പരിപ്പും റൊട്ടിയും
വളിയുന്നതു കൊണ്ടോ
ജീവിതം പൂപ്പല്‍ പിടിച്ചതു കൊണ്ടോ
ഓവറോളിലെ കല്ലിട്ട ജീവിതം
നഗരത്തെ വെട്ടിമുറിക്കുന്നതു കൊണ്ടോ?


പ്രേമിക്കാതെയും കാമിക്കാതെയും
ഒഴുകിപ്പോകുന്ന
ശുക്ലവും രക്തവും വിയര്‍പ്പും കലര്‍ന്ന
യൌവ്വനത്തിന്റ്റെ പുഴയില്‍
കൈ വെക്കുമ്പോഴേക്കും
മുറിച്ചു കളയും
ചരിത്രമേ നീ പരാജയപ്പെട്ടവരുടേതുമാണ്

അപൂര്‍ണ്ണ
സമുച്ചയങ്ങള്‍
ആകാശത്തെ തുളച്ചു
രക്തം പൊടിഞ്ഞു
ചുമരുകള്‍ വിയര്‍ത്തൊഴുകി
ശുദ്ധമാക്കപ്പെട്ട നഗരം
രക്തത്തില്‍ മുങ്ങാന്‍ തുടങ്ങി

രണ്ട്

തണുത്ത മുറിയില്‍ നിന്ന്
തിരശ്ശീലയുടെ വിടവിലൂടെ
വെളിച്ചം തുറക്കാതെ
പുറത്തേക്കു നോക്കുമ്പോള്‍
ചുട്ടു പൊള്ളുന്ന രാത്രിയുടെ
മേല്‍ക്കൂരമേല്‍
നഗ്നരായി ഉറങ്ങുന്നവരെ കാണാറുണ്ട്
നനഞ്ഞു കുതിര്‍ന്ന തുണിക്കെട്ട്
നിവര്‍ത്താതെ ഉണക്കാനിട്ടതു പോലെ

സര്‍വ്വ ഏസികളും
മുരണ്ട് വന്യമാകുന്ന രാത്രിയില്‍
ഉറങ്ങാനാകത്തവര്‍
നാളെ പുലര്‍ച്ചെ
ആകാശത്തെ ചുംബിക്കും
പടവുകള്‍ പടുക്കേണ്ടവര്‍

നഗരത്തില്‍ പാര്‍ക്കാന്‍
അനുവാദമില്ലാത്തതു കൊണ്ടുമാത്രം
വൈദ്യുതിയും വെള്ളവുമില്ലാത്ത
തങ്ങളുടെ ഗ്രാമം പോലെ
വെളിച്ചത്തിന്റെ കടലില്‍
തുരുത്തുപോലെ അവര്‍
‍കെട്ടു കിടന്നു


കൈകുടന്ന തണുപ്പു ചോദിച്ച്
ഒരുമണിക്കൂര്‍ മൂടിപ്പുതച്ച ഉറക്കം കടം ചോദിച്ച്
എന്റെ വാതിലില്‍ മുട്ടുമോ?
എനിക്കുറങ്ങണം
എന്റെ ഉള്ളിലെ വെളിച്ചം അണക്കട്ടെ

കോര്‍പ്പറേറ്റ് മുദ്ര അണിഞ്ഞ്
പുലര്‍ച്ചെ മുറി വിട്ടിറങ്ങുമ്പോള്‍
എങ്ങും നോക്കാതെ
കാറിലേക്കു ഊളിയിടുമ്പോള്‍
എനിക്കെത്ര വേഗം
എന്നെ മനസ്സിലാകുന്നു
കൂളിംഗ് ഫിലിം ഒട്ടിച്ച
കാറിന്നകത്തെന്നപോലെ
ഞാനെന്നെ ഒളിപ്പിക്കുന്നു


എന്റ്റെ വഴികളിലെല്ലാം
വിയര്‍പ്പിന്റെ മനുഷ്യാകൃതിയിലുള്ള പാടുകള്‍
ഉണങ്ങാതെ കിടന്നു
കൊടും ചൂടിലും