Thursday, July 28, 2011

ഓക്സിജന്‍ സിലിണ്ടര്‍

ആരായിരുന്നാദ്യം ചാടിയത്
നീയോ ഞാനോ
ആരാണാദ്യം പുറംകണ്ടത്
നീയോ ഞാനോ
 
ഞാന്‍ തന്നെയായിരിക്കണം
ഒതുക്കുകള്‍
എനിക്കുമാത്രമറിയുന്നത്
 
ഓരോ പടവുകളും പടുത്തത്
ഓരോ അന്ധമായ കൂപ്പുകുത്തലിലെ
നിലയില്ലാ തണുപ്പിന്റെ
നിലവിളികളാള്‍
നിലയില്ലാ വിളികളാല്‍
ഓരോ തകര്‍ച്ചയും
ഓരോ ഒതുക്കുകള്‍
 
അതിനാല്‍
ഏതാഴത്തിലേക്കുമെനിക്കെത്താനാകും
ഏതു പാതാളത്തില്‍ നിന്നും കരപിടിക്കാനും
ഏതു  പ്രണയത്തിലും
എനിക്കൊരു
കയറേണിയുണ്ട്
പാതാളക്കരണ്ടിയുണ്ട്
ഓക്സിജന്‍ സിലിണ്ടറുണ്ട്
 
പ്രണയത്താല്‍ ഞാനിനി ശ്വാസം മുട്ടില്ല
എന്റെ വിലാപങ്ങള്‍
പുറംകേള്‍ക്കാതെ വെറുതെ
പ്രതിധ്വനിക്കില്ല
എനിക്കിപ്പോള്‍ നിന്നെയോര്‍ത്തുമാത്രം
ശ്വാ‍സം കിട്ടുന്നു.

Wednesday, February 16, 2011

വിത്തുകള്‍


1

മുന്തിരിപ്പകല്‍
എനിക്കിഷ്ടമല്ലച്ഛാ കുരുവുള്ള മുന്തിരി
കരടെനിക്കു മാറ്റിത്തരിക തിന്നുവാന്‍
എങ്കിലെത്രസുഖം
ചിപ്സുപോല്‍ കറുമുറുക്കാന്‍
പിച്ചിക്കളയാനൊന്നുമില്ലാതെ
വിഴുങ്ങുവാന്‍

തീറ്റമേശപ്പുറത്തങ്ങിനെ
കൊഞ്ചും മകള്‍
കുസൃതിയടരും മുന്തിരിക്കണ്ണുകള്‍

ഒന്നൊന്നായ് കുരുവടര്‍ത്തി
അവള്‍ക്കു നല്‍കുമ്പോള്‍
എന്റെ വിത്തല്ലോ നീ
ഇപ്പോള്‍ ചെറുതൈ തളിരിലവിടര്‍ത്തി
എന്നെവരിഞ്ഞു പടര്‍ന്ന ചോദ്യം
ബയോടെക് ഫലം പോലെ
നീ ആരെ കൊതിപ്പിച്ചു ചിരിക്കുന്നു
ആരുടെ പെരുംവായിലേക്കെളുപ്പത്തില്‍
ചവക്കാന്‍ വിഴുങ്ങാന്‍

2
ബിയര്‍സന്ധ്യ
വറുത്ത പിസ്തതോടടര്‍ത്തുമ്പോള്‍
കാമ്പുതട്ടിയെടുത്തു മകള്‍ കൊതിച്ചു
ഇനിയുമിനിയും അടര്‍ത്തിവെക്കൂ
എനിക്കെളുപ്പം കൊറിക്കാന്‍
അച്ഛന്റെ വിത്തല്ലേ ഞാനും

‘ഇതെല്ലാം മണ്ണില്‍ വിതറിയാല്‍ മുളക്കുമോ’
ഒരുപിടി കുഞ്ഞുകൈ പുറത്തേക്കു ചിതറുന്നു

ഇതു വറുത്ത വിത്തുകള്‍
തോടാല്‍ പൊരിഞ്ഞവര്‍
അകംവെന്തവര്‍
പിളര്‍ന്നു പിളര്‍ന്നില്ലാതായവര്‍
മരമാകും മുന്‍പേ കെട്ടവര്‍
ഗര്‍ഭത്തിലേ മരിച്ച കുട്ടികള്‍
വീടുവിട്ടെങ്ങുമെത്താത്തവര്‍
തിരിച്ചിറങ്ങാനിടമില്ലാത്തവര്‍
പൊരിവിത്തിലൊന്നില്‍ നീ തൊടുമ്പോള്‍
ചെവിചേര്‍ത്തു കേള്‍ക്കൂ
‘മകളേ‘ എന്നൊരു ഞരക്കം

പുറത്തു സിമന്റു മുറ്റത്തവള്‍
വിതറിയ വറുത്ത വിത്തുകള്‍ക്കൊപ്പം
രാത്രിമുളക്കും സംഗീതത്തില്‍
പഴുത്തു തൂങ്ങിത്തുടങ്ങി
നപുംസക ജീവിതത്തോട്ടം

Wednesday, December 29, 2010

ബാലന്‍സ്

 *റോളാചത്വരത്തിനു മതിലായവര്‍
നിരന്നു നില്‍പ്പുണ്ടായിരിക്കും
ബംഗാളികള്‍ മലയാളികള്‍
മൊബൈല്‍ ഫോണ്‍ നീട്ടി
പിമ്പുകളെപ്പോലെ മന്ത്രിക്കും
ബാലന്‍സ് ബാലന്‍സെന്ന്
ചോദ്യവും ഉത്തരവുമൊരുമിച്ച ആ വാക്ക്
ജീവിതത്തിലേക്ക് കൂട്ടിക്കൊടുക്കും
എപ്പോഴും അതില്‍ തട്ടി വീഴും 
 
ജീവിതത്തിന്റെ ഒറ്റക്കമ്പിയില്‍ ബാലന്‍സുതെറ്റാതെ
ഇപ്പോഴുമുണ്ടെന്നോ
ശിഷ്ട ജീവിതം
ഇത്രമാത്രമേയുള്ളൂ  എന്നോ
വരവിനും പോക്കിനുമിടയില്‍
അവശേഷിച്ചതല്ല  ജീവിതമെന്നോ
ഓര്‍മ്മിപ്പിക്കുന്നതു കൊണ്ടായിരിക്കും
ഇടക്കിടെ ആ വാക്കിനാല്‍
ബാലന്‍സു തെറ്റിപ്പോകുന്നത്
 
* ഷാര്‍ജയിലെ Rolla square നു ചുറ്റും മൊബൈല്‍ ഫോണിലേക്ക് ക്രെഡിറ്റ് പകരുന്നവര്‍

Tuesday, December 14, 2010

കൊളം

‘ന്റ്റെ ജീവിതം കൊളമാക്കി
സുഖായി കാണുന്നോ സ്വപ്നങ്ങള്‍’
രാവില്‍ നിന്‍സ്ഥിരം പ്രാകലില്‍
പൊന്തിക്കിടക്കുമ്പോള്‍
എന്നെമാന്തി കുഴിക്കാന്‍‍ തുടങ്ങും
 
വിസ്തൃതമായിരിക്കുമത്
കല്‍മതിലാല്‍ പടവുകളാല്‍
കുളിപ്പുര വേണമെന്നില്ല
ആ‍ണുപെണ്ണുങ്ങള്‍ മതിലൊഴിഞ്ഞ് തിമര്‍ക്കട്ടെ
കുളിക്കണം അപ്പുറമിപ്പുള്ളവര്‍ നഗ്നരായ്
മുറിയില്‍ നീന്തും കുട്ടികള്‍ മദിക്കണം
കുളമുറിയുടെ ആഴത്തിലാഴത്തില്‍
 
വളര്‍ത്തീടണം
സ്വര്‍ണ്ണം വെള്ളി നാകം
പലലോഹ മത്സ്യങ്ങളലുക്കുകള്‍ തീര്‍ക്കാന്‍
നീന്തിത്തളരും കുഞ്ഞുങ്ങളെ
മുഴുത്ത ആമ്പലുകള്‍ മാടിവിളിക്കും
പൂമ്പൊടിചവച്ചു ക്ഷീണം തീര്‍ക്കാന്‍
ജലഭയുമുള്ളോര്‍ പടവിലിരുന്നു ചൂണ്ടട്ടെ
പൊരിഞ്ഞമീന്‍ മണത്തിലാക്കുമവരുച്ചകള്‍
 
പാതിരാകഴിഞ്ഞാല്‍ നമുക്കു നീരാട്ട്
അസൂയകൊണ്ട് ദേവകള്‍ കരകയറണം
ജലക്രീഡകണ്ട് മുഖം പൊത്തി മറഞ്ഞോട്ടെ
അടുത്ത കുളം തേടിയലഞ്ഞോട്ടെ
സുരതത്തിന്നുച്ഛസ്ഥായില്‍ ജലമുറയും
രതിമൂര്‍ച്ഛയില്‍ വിരിയും
നമുക്കിടയില്‍ കുടുങ്ങിയ  താമരമുകുളങ്ങള്‍
പ്രഭാതത്തിലര്‍ക്കന്‍ പരിഭവം പരത്തുമ്പോള്‍
വിടര്‍ന്ന നളിനങ്ങളെങ്ങൊളിക്കും
മുഖമുയര്‍ത്താതെ പറയുമോ
നമ്മുടെ രാലീലവിലാസങ്ങള്‍
 
മാന്തിയ കവിതയാല്‍
നിന്റെ കൊളജീവിതം തൂരുമോ
എനിക്കതു കുഴിക്കാതെയൊക്കില്ല
നിനക്കതൊരു പൊട്ടക്കൊളമാകിലും

Monday, November 15, 2010

സിവില്‍ വാര്‍

കവിത പെണ്‍കുട്ടിയുടെ പേരല്ല
പെണ്ണിനോട് മാത്രം
ഉള്ളതായിരുന്നില്ല പ്രണയവും
 
 
ഏതെങ്കിലുമൊന്നിനെമാത്രം
അകത്തേക്കു വിടുന്ന
വാല്‍വായിരുന്നു ജീവിതം
കവിതയും പെണ്ണും
മാറി മാറി
കയ്യേറിയ സംഘര്‍ഷരാഷ്ട്രം
 
 
രണ്ടു രാജ്യങ്ങളെന്നു
തോന്നിപ്പിക്കുവാന്‍ മാത്രം
ഒരേ പട്ടാളത്തിന്റെ
ഭിന്ന യൂണിഫോമിട്ടവര്‍
 
കവിത ഊക്കില്‍ മുട്ടിവിളിക്കുമ്പോഴെല്ലാം
പുറംതിരിഞ്ഞു നടന്നു
പെണ്ണേയെന്നു ധ്യാനിച്ച്
ചൂണ്ടുവിരലിനും നടുവിരലിനുമിടയില്‍
ജന്മമെരിച്ചു
കാലങ്ങളത്രയും പുകച്ചു തള്ളി
കവിതയപ്പുറം
നേരെയാകുമെന്നു നേര്‍ന്ന് കാത്തിരുന്നു
 
 
പിന്നീടെപ്പോഴോ
വാക്കിനൊപ്പമായപ്പോള്‍
വേട്ടയില്‍ കരച്ചില്‍ കേട്ടില്ല
അവരെ കണ്ടേയില്ല
 
  
വെള്ളവും വെളിച്ചവും
കിട്ടാ‍തെ പെണ്‍കുട്ടികള്‍
ചിലര്‍ വിളറി പുറത്തേക്കു കഴുത്തു വെച്ചു
ചിലതളിഞ്ഞു
ചിലതെങ്ങിനെയോ
വഴിയരികില്‍ തളര്‍ന്നു നിന്നു
സ്നേഹിക്കുമ്പോള്‍ വീണമീട്ടിയോര്‍
പിരിഞ്ഞപ്പോള്‍ കുറ്റപത്രം നീട്ടി
 
വരില്ലെന്നറിഞ്ഞും
പൂമുഖത്ത് കെടുത്താത്ത വിളക്ക്
മൂടിവെച്ച വാക്കുകള്‍
കാല്‍പ്പെരുമാറ്റത്തില്‍
പിടഞ്ഞുണര്‍ന്നു തുറക്കുന്ന വാതില്‍
 
എത്ര ശകാരിച്ചാലും
എത്ര കണ്ണീര്‍ കുടിപ്പിച്ചാലും
എത്ര സ്നേഹിക്കാതിരിന്നാലും
എത്ര പിന്കാലുകൊണ്ടു തൊഴിച്ചാലും
 
കവിത അങ്ങനെയൊക്കെയാണ്

Tuesday, September 28, 2010

ഉള്‍ക്കഥ

ഉലകംതെണ്ടി തിരിച്ചെത്തിയപ്പോള്‍
ഉറ്റവരെല്ലാം കൊലചെയ്യപ്പെട്ട
വീടിന്നുമ്മറത്തൊറ്റക്കിരിക്കുന്നൊരാള്‍‍
 
പ്രാണന്‍ കൊടുത്ത പെണ്ണിന്‍
നഗ്നയുടലാദ്യമായ്
കൊച്ചു സ്ക്രീനില്‍
മറ്റൊരുത്തനുമായ് പിണയുന്നതു
കണ്ടിരിക്കുന്നൊരാള്‍
 
പിച്ചിചീന്തുന്നണ്ടപ്പുറമൊരു പെണ്‍കുട്ടിയെ
ഇപ്പുറം മറഞ്ഞിരിന്നെല്ലാം കണ്ടു സ്വയം ശപിച്ചു
ജീവനെക്കെട്ടിപ്പിടിച്ചു ശ്വാസമടക്കിയൊരാള്‍
 
അടച്ചിട്ട വീടിനുള്ളില്‍
കേള്‍ക്കുന്നുണ്ട് സീല്‍ക്കാരങ്ങള്‍
കെട്ടിയപെണ്ണുമായ്
കെട്ടുപിണയുന്നത് പ്രിയചങ്ങാതിയോ
മുറ്റത്തുകളിക്കും മകളെയെടുത്ത് നിശ്ശ്ബദം
പടിയിറങ്ങി ദൂരംതാണ്ടി
സന്ധ്യയെ കടലില്‍ മുക്കി
വിറങ്ങലിച്ചു  നില്‍ക്കുന്നൊരാള്‍
 
 
ഗതികെടുമ്പോഴൊക്കെയും
ജീവിതമിടിച്ചുതെറിപ്പിക്കുമ്പോഴൊക്കെയും
വാ‍ക്കുകള്‍ പിടിതരാതെയനാഥമാക്കുമ്പോഴൊക്കെയും
പണ്ടെഴുതിവെച്ചവയിലൂടെയലസമലയുമ്പോള്‍
പാഞ്ഞുപോകുന്നിങ്ങനെയുള്ളില്‍
അതിവേഗമെഡിറ്റിയ ചിത്രചലനം
ഇങ്ങനെയല്ലേ വാക്കടഞ്ഞവന്റെയുള്ളം

Monday, July 5, 2010

ജൂലായ് അഞ്ച്

ഇടപ്പള്ളി രാഘവന്‍ പിള്ള
എനിക്ക്
ഒരോ പ്രണയത്തിന്റെ തകര്‍ച്ചയിലും വളര്‍ച്ചയിലും
ഏകാന്തതയുടെ അള്‍ത്താരയില്‍ മുട്ടു കുത്തിനിന്ന് ഓര്‍മ്മിച്ചെടുക്കുന്ന
കുരിശേറിയ പ്രണയരൂപമാകുന്നു
മരണവും പ്രണയവും ഇണചേര്‍ന്നുകിടന്ന
കവിതയുടെ നിഷ്കളങ്ക ശരീരം

അയാള്‍ക്ക് പ്രണയം
ഹൃദയതാളത്തിനൊപ്പമോ
അതാളത്തിലോ മിടിച്ചുകൊണ്ടിരുന്ന
ശരീരത്തില്‍ പടര്‍ന്ന,
മരണത്തില്‍ നിന്ന് ഒരോ നിമിഷവും
തട്ടിതെറിപ്പിച്ചുകൊണ്ടേയിരുന്ന
പുതു അവയവം

പ്രണയത്തിന്റെ മരണമോ
മരണമതിന്റെ പ്രണയത്തെ കവര്‍ന്നെടുത്തതോ
മരണത്തിന്റെ നിശ്ശബ്ദ പ്രണയം
കാമുകിയുടെ ഉപേക്ഷിക്കലിനെ
സാര്‍ത്ഥകമാക്കിയതോ
ഏതായിരിക്കും സംഭവിച്ചിരിക്കുക

പ്രണയത്തിനും മരണത്തിനും
കരുക്കള്‍ നിരത്തിയ കാവ്യക്കളമേ
പ്രണയത്തിനും മരണത്തിനും
കാണിയും നടനുമായി
മാറിമാറി കളിക്കാനിടമായവനേ

ഈ പാതിരാവില്‍
ഇടങ്ങളെല്ലാം മണലെടുത്തവന്റെ
അപ്രണയിയാമൊരുവന്റെ
പ്രാര്‍ത്ഥനകളാല്‍
നിന്റെ പള്ളി നിറക്കുന്നു

പ്രണയിക്കാനറിയാത്തവന്
ജീവിതം മരണമാകുന്നു
പ്രണയിക്കാനറിയുന്നവന്
മരണം ജീവിതമാകുന്നു

എനിക്ക് പ്രണയിക്കാനറിയില്ലെന്ന്
ഇപ്പോള്‍ ജീവിതം
മണിമുഴക്കിക്കൊണ്ടിരിക്കുന്നു

ഇടപ്പള്ളിയുടെ മണിനാദം കേള്‍ക്കുക