Wednesday, February 16, 2011

വിത്തുകള്‍


1

മുന്തിരിപ്പകല്‍
എനിക്കിഷ്ടമല്ലച്ഛാ കുരുവുള്ള മുന്തിരി
കരടെനിക്കു മാറ്റിത്തരിക തിന്നുവാന്‍
എങ്കിലെത്രസുഖം
ചിപ്സുപോല്‍ കറുമുറുക്കാന്‍
പിച്ചിക്കളയാനൊന്നുമില്ലാതെ
വിഴുങ്ങുവാന്‍

തീറ്റമേശപ്പുറത്തങ്ങിനെ
കൊഞ്ചും മകള്‍
കുസൃതിയടരും മുന്തിരിക്കണ്ണുകള്‍

ഒന്നൊന്നായ് കുരുവടര്‍ത്തി
അവള്‍ക്കു നല്‍കുമ്പോള്‍
എന്റെ വിത്തല്ലോ നീ
ഇപ്പോള്‍ ചെറുതൈ തളിരിലവിടര്‍ത്തി
എന്നെവരിഞ്ഞു പടര്‍ന്ന ചോദ്യം
ബയോടെക് ഫലം പോലെ
നീ ആരെ കൊതിപ്പിച്ചു ചിരിക്കുന്നു
ആരുടെ പെരുംവായിലേക്കെളുപ്പത്തില്‍
ചവക്കാന്‍ വിഴുങ്ങാന്‍

2
ബിയര്‍സന്ധ്യ
വറുത്ത പിസ്തതോടടര്‍ത്തുമ്പോള്‍
കാമ്പുതട്ടിയെടുത്തു മകള്‍ കൊതിച്ചു
ഇനിയുമിനിയും അടര്‍ത്തിവെക്കൂ
എനിക്കെളുപ്പം കൊറിക്കാന്‍
അച്ഛന്റെ വിത്തല്ലേ ഞാനും

‘ഇതെല്ലാം മണ്ണില്‍ വിതറിയാല്‍ മുളക്കുമോ’
ഒരുപിടി കുഞ്ഞുകൈ പുറത്തേക്കു ചിതറുന്നു

ഇതു വറുത്ത വിത്തുകള്‍
തോടാല്‍ പൊരിഞ്ഞവര്‍
അകംവെന്തവര്‍
പിളര്‍ന്നു പിളര്‍ന്നില്ലാതായവര്‍
മരമാകും മുന്‍പേ കെട്ടവര്‍
ഗര്‍ഭത്തിലേ മരിച്ച കുട്ടികള്‍
വീടുവിട്ടെങ്ങുമെത്താത്തവര്‍
തിരിച്ചിറങ്ങാനിടമില്ലാത്തവര്‍
പൊരിവിത്തിലൊന്നില്‍ നീ തൊടുമ്പോള്‍
ചെവിചേര്‍ത്തു കേള്‍ക്കൂ
‘മകളേ‘ എന്നൊരു ഞരക്കം

പുറത്തു സിമന്റു മുറ്റത്തവള്‍
വിതറിയ വറുത്ത വിത്തുകള്‍ക്കൊപ്പം
രാത്രിമുളക്കും സംഗീതത്തില്‍
പഴുത്തു തൂങ്ങിത്തുടങ്ങി
നപുംസക ജീവിതത്തോട്ടം