Thursday, October 22, 2009

ആള്‍വരപ്പുകള്‍ - അഞ്ച്

ഷാര്‍ജയിലെ ഗാന്ധി

ഞാനിവിടെത്തന്നെ കാണും
രണ്ടാമത്തെ ഇടതുതിരിഞ്ഞ്
കച്ഛറോഡിലൂടെ നേരെവന്ന്
വണ്ടികളുടെ അവയവങ്ങള്‍
മുറിച്ചുമാറ്റിവില്‍ക്കുന്ന
അറവുശാലക്കപ്പുറം
പുരാതന നീല മെര്‍സിഡസ്സ് ബെന്‍സിനെ ചുറ്റിപ്പറ്റി



നിങ്ങള്‍ ചിരിച്ചല്ലോ
എന്റെ പേരിലെ ഗാന്ധി കേട്ടപ്പോള്‍
ഒക്ടോബര്‍ രണ്ടിനു
പോര്‍ബന്ധറില്‍ ജനിച്ച
ഹിന്ദുകുട്ടികളെല്ലാം
ഗാന്ധിയായി മുണ്ഡനം ചെയ്യപ്പെട്ടു
എത്ര ഗാന്ധികള്‍ കൊള്ളക്കാരായി
പിമ്പുകളായി
ഹിന്ദുവാദികളായി
തെമ്മാടികളായി


നോക്കൂ
എന്റെ ശരീരം മദ്യക്കുപ്പികള്‍
അടക്കിവെച്ച അലമാരയാണ്
അരയില്‍ വെക്കുന്ന ഏതു കുപ്പിയും
കുഞ്ഞിനെപ്പോലെ പിടക്കും

അവര്‍
എത്രകുഞ്ഞുങ്ങളുടെ
കഴുത്തു ഞെരിച്ചു കാണണം
പിന്നെ തിരിച്ചു പോയിട്ടില്ല

നാടിപ്പോള്‍ ‍എളുപ്പത്തിലുടയാവുന്ന
വലിയ കുപ്പി പോലെ പൊടിപിടിച്ചു കിടക്കുന്നു
ബന്ധുക്കളായി ആരുമില്ലാത്തത് ഭാഗ്യമായി
അവര്‍ക്കായെങ്കിലും അവിടേക്ക് ‍
പോകേണ്ടിവരുമായിരുന്നു


നിങ്ങള്‍ക്കറിയാമോ
മദ്യത്തിന്റെ ചെറു ഗുദാമാണു ഞാനെങ്കിലും
തുള്ളിപോലും രുചിച്ചിട്ടില്ല
ആ ഓള്‍ഡ് കാസ്ക്ക് ഗാന്ധിത്തലയന്‍
ശാസിച്ചുകൊണ്ടേയിരിക്കും
വേദനിപ്പിക്കാതെ അടിക്കും
ഒറ്റജീവിതത്തിനു കൂട്ടാകും
പിന്നെയും എന്തൊക്കെയോ പറയും
ദാഹത്തോടെ‍ കേള്‍ക്കും
കേട്ടാലും ഇല്ലെങ്കിലും
പറഞ്ഞുപറഞ്ഞു
നിറച്ചുകൊണ്ടേയിരിക്കും

മദ്യത്തിന്റെ സിദ്ധൌഷധത്തില്‍
എത്രപേര്‍ രോഗവിമുക്തരായി!!
ചേര്‍ത്തോളൂ മൊബൈല്‍ ഫോണില്‍
ഡോക്ടര്‍ ഗാന്ധിയായി
ഓര്‍ക്കാനെളുപ്പം അതല്ലേ



(ഹരിതകത്തില്‍ തെളിഞ്ഞത്)

Monday, October 19, 2009

ശബ്ദത്തിന്റെ ഗന്ധം

മറ്റൊരാളുടെ ഭാര്യയെ പ്രണയിക്കുമ്പോള്‍
‍അയാളില്ലാത്ത ഹ്രസ്വ ഇടവേളയിലാണതു സംഭവിക്കുന്നതെങ്കില്‍
‍അവളെ ഞാന്‍ കണ്ടിട്ടില്ലെങ്കിലും
അവളെ ഞാന്‍ തൊട്ടിട്ടില്ലെങ്കിലും
പരസ്പരം മണത്തിട്ടില്ലെങ്കിലും ‍

ഇടവേളക്കു ശേഷം അയാള്‍
അവളുടെ കവിളില്‍ നിന്നെങ്ങിനെ മണത്തെടുത്തു
മറ്റൊരാണിന്റെ ഗന്ധത്തെ


എങ്ങിനെ കേട്ടെടുത്തു
ചെവിയിലൂടെ ഒഴുകി

തലച്ചോറിലൂടെ സഞ്ചരിച്ച്
തൊലിയില്‍ പടര്‍ന്ന ഗന്ധത്തില്‍ മുഴങ്ങിയ
എന്റെ ശബ്ദത്തെ

വിദൂരതയില്‍ നിന്നുള്ള ഒച്ചപോലും
തൊലിയില്‍ വലിച്ചെടുക്കുന്ന രാസവിദ്യ
പ്രണയത്തിനുമാത്രം സാധ്യമായതോ
അറിയുംതോറും
അറിയില്ലെന്ന് പഠിപ്പിക്കുന്ന
അതിന്റെ ജൈവരസതന്ത്രം


എങ്കിലുംഇത്രയും സൂക്ഷ്മമായി
മറ്റൊരാണിനെ മണത്തത്
അവളോടുള്ള പ്രേമംകൊണ്ടായിരിക്കുമോ
പ്രണയമാകുന്ന അവളുടെ ശരീരം
മറ്റൊരാണിന്റേതായി
പരിണമിച്ചതിനാലോ


നീയിപ്പോള്‍
ശബ്ദത്തെ ഗന്ധമാക്കുന്ന
അയാള്‍ക്കുമാത്രം
കേള്‍ക്കാവുന്ന ശബ്ദമായി
ഗന്ധത്തെ മാ‍റ്റുന്ന
അതീവ സുതാര്യമായ
ഇലക്ട്രോണിക സര്‍ക്ക്യൂട്ട്.