Saturday, January 31, 2009

ശ എന്ന അക്ഷരത്തെക്കുറിച്ച്


(ഫ് എം റേഡിയോ R J കള്‍ക്ക് പിന്നെ ശ ക്കു പകരം ഷ പറയുന്ന ഏവര്‍ക്കും)


ശരിയെ പിളര്‍ത്തി
ശരീരത്തെ കീറിമുറിച്ച്
ശാരീരത്തില്‍ അപസ്വരമായി
ശാന്തിയെ അശാന്തമാക്കി
ആശകളെ നശിപ്പിച്ച്
ആശ്രയത്തെ അനാഥമാക്കി
മീശയെക്കൊഴിച്ച്


ശ്വാസത്തെ നിശ്ചലമാക്കി
ആശ്വാസത്തെ ഞരുക്കി
നിശ്വാസത്തെ മലിനമാക്കി
വിശ്വാസത്തെ ഒറ്റിക്കൊടുത്ത്
വിശപ്പും കശാപ്പും
ശവവും ശയ്യയും
ഒന്നാക്കി

ആദര്‍ശത്തില്‍
ദര്‍ശനത്തില്
‍മറകള്‍ തീര്‍ത്ത്
*ഷ യുടെ വരവ്
ഒരു കുതിരപ്പുറത്ത്
ആയുധ ധാരിയായ്

നിശ്ശബ്ദ്ധതക്കേറ്റവും അടുത്തു നില്‍ക്കും
മൃദുലനും സൌമ്യനുമായശബ്ദമേ
ശ കാരമേ
നീയുള്ളിടം മാത്രം തിരഞ്ഞു നിന്നെയില്ലാതാക്കാന്‍
യെന്ന ഏകാധിപതി

ശ രാജ്യത്ത് സൈനികരില്ലായിരുന്നു
ചവുട്ടിമെതിക്കുമ്പോള്‍ ബുദ്ധ ഭിക്ഷുക്കളെപ്പോലെ
താഴ്ന്ന സ്ഥായില്‍ മന്ത്രം ചൊല്ലി
കീഴ്പ്പെട്ടുകൊണ്ടിരിക്കുന്നു


ശയെ എനിക്കു രക്ഷിക്കണം
യെ എതിര്‍ത്തു തോല്‍പ്പിക്കണം
എങ്ങിനെ ?

ഞാനും ശ എന്ന അവസ്ഥയിലായിരിക്കെ




* ഷ എന്ന അക്ഷരത്തിന്റെ ചിത്രത്തിന് കുതിരപ്പുറത്തിരിക്കുന്ന പടയാളിയോട് സാമ്യമുണ്ടെന്നു വിവക്ഷ.

Thursday, January 29, 2009

നവംബര്‍ 19 , 2007


(മകള്‍ പിറന്ന ദിനത്തിന്റെ ഓര്‍മ്മക്ക്)

നിര്‍ത്താതെയുള്ള കരച്ചിലിന്നൊച്ചയായിരുന്നു
നിന്നെ അറിഞ്ഞ ആദ്യക്കാഴ്ച്ച
ഞാന്‍ തൊട്ട നിന്റെ ആദ്യഗന്ധം

ദൂരങ്ങള്‍ക്കപ്പുറം
എന്റെ കൈ പിടിക്കാന്‍
‍പിടയുന്ന കരച്ചില് ‍സെല്‍ ഫോണിനെ
ഉലച്ചു കൊണ്ടിരുന്നു


വന്യവും പൌരാണികവുമായ
എന്റെ ഉള്ളിടങ്ങളെ
നിന്നിളം തേങ്ങലിന്റെ
വിരലുകളാല്‍ കോറി ജലധാരകള്‍ തീര്‍ത്തു
കാമുകനായി മാത്രം ജീവിതം നീന്തുമെന്റെ
‍കൈകാലുകള്‍ കുഴയുവാന്‍ തുടങ്ങി


ജീവിതമത്രയും ഞാന്‍ കൊണ്ട
പെണ്‍ കരച്ചില്‍ പോലായിരുന്നില്ലതിന്‍ നാദം
ഇതുവരെ കേള്‍ക്കാത്ത ശ്രുതിയില്‍
‍ഞാന്‍ സംഗീതമാകുമ്പോഴേക്കും
ഇരകളാ‍യി
കൈകൂപ്പിനില്‍ക്കും
പെണ്‍കുഞ്ഞുങ്ങള്‍ മുന്നില്‍ തേങ്ങി നിന്നു


പെട്ടെന്നു ഞാന്‍ ഫോണ്‍ മുറിച്ചു


എന്റെ തീരത്തനാഥമായി കിടക്കുമ്പോള്‍
എനിക്കു കേള്‍ക്കാനാവുന്നുണ്ട്
ആകുലതകള്‍ക്കു മേല്‍ ഘനീഭവിച്ചു കിടന്ന കുഞ്ഞുകരച്ചിലിന്‍ നദി
ഉരുകി ഒഴുകുന്നത്
എന്നെ തഴുകി താരാട്ടുന്ന രാഗമായി മാറുന്നത്
നീലാംബരിയില്‍
പ്രണയം തീര്‍ത്ത മുറിവുകള്‍ ‍ഉണങ്ങിയില്ലാതാവുന്നത്

Tuesday, January 27, 2009

പ്രവാസം



അതൊരു നാടുകടത്തലല്ലതെ മറ്റൊന്നുമല്ല
അഞ്ജാതവും അനിര്‍വ്വചനീയവുമായ
ദേശത്തേക്കുള്ള ആട്ടിയകറ്റല്‍


വിനിമയങ്ങളൊന്നും സാധ്യമല്ലാത്ത
ഭൂപടത്തില്‍ ഇപ്പോഴും തെളിയാത്ത
ഒരു വര്‍ണ്ണത്തിലും രേഖപ്പെടുത്താത്ത
രേഖാംശ അക്ഷാംശങ്ങള്‍ എപ്പോഴും മാറിമറിയുന്ന
ഒഴുകികൊണ്ടേയിരിക്കുന്ന ഒരിടമായിരുന്നു
ആ ദേശം


സുഗന്ധവും തുടുത്ത മുഖവുമായി
പോയവര്‍ തിരിച്ചെത്തിയില്ല
പണിതുകൊണ്ടിരിക്കുന്ന വലിയ വീടിനു മുന്‍പില്
‍ചിരിച്ചു നിന്നില്ല
രുദ്രാക്ഷം സ്വര്‍ണ്ണത്തില്‍ കെട്ടിയ മാലയില്
‍കൈയ്യോടിച്ചു വീമ്പിളക്കിയില്ല
നവഗ്രഹങ്ങളുടെ മോതിരവിരലു കൊണ്ട്
വിസ്ക്കി ഗ്ലാസ്സില്‍ താളം പിടിച്ചില്ല
ജനലുകള്‍ തുറന്നിട്ട് ഭോഗിച്ചില്ല



അവിടം എന്തണെന്നാരും അറിഞ്ഞില്ല
ആരും വിവരിച്ചില്ല
പോയവരാരും തിരിച്ചുവന്നില്ല



ചിലരുടെ രാത്രിക്കുമേല്‍
ലേസര്‍ ബിംബത്തില്‍ പ്രക്ഷേപിക്കപ്പെട്ടുവെന്നു
ഉറക്കമില്ലാത്തവര്‍
‍ഊഴം കാത്തിരിക്കുന്നവര്‍
പ്രാന്തു പറഞ്ഞു



എനിക്കറിയില്ല
ഏതാണു യാഥാര്‍ത്ഥ്യം
മരിച്ചവരുടെ ജീവിതമോ
ജീവിച്ചിരിക്കുന്നവരുടെ മരണമോ

Sunday, January 25, 2009

ഹോട്ട് ഡോഗ്





നാട്ടില്‍ നിന്നാദ്യമായി
എന്റെ ജീവിതം കാണാനെത്തിയതായിരുന്നു
പ്രിയ കൂട്ടുക്കാരന്‍

ഹെനിക്കന്‍ ഫോസ്റ്റര്‍ ബഡ് വൈസര്‍
നെപ്പോളിയന്‍ ബ്ലാക്ക് ലേബല്‍ ഷിവാസ് റീഗല്‍
‍മോന്തി മോന്തി
കസവു വേഷ്ടിയുടുത്ത
വിളമ്പുകാരി പെണ്‍കുട്ടികളെ
നുണഞ്ഞ് നുണഞ്ഞ്
താര ഗീത മുംതാസ് ബിന്ദു പ്രീത
ജീ‍വിതതില്‍ നിന്നൊഴിഞ്ഞ പെണ്ണുങ്ങളെ
‍ഉള്ളില്‍ നിറച്ചു

ഓരോ ഷോപ്പിങ് മാളിലേക്കു കയറുമ്പോഴും
താനിതിനു പാകമാകത്തതെന്നു
ഉള്ളിലേക്കവന്‍ തുറിച്ചു നോക്കി

ബര്‍ഗര്‍ അടയാണെന്നും
പിസ്സ ഊത്തപ്പമെന്നും
ഗൃഹാതുരനായി
ചുട്ട കോഴിയെ കടിച്ചു വലിക്കുമ്പോള്‍
ഏറിവരുന്ന ചാത്തസേവകരുടെ എണ്ണമെത്രയെന്നു ഓര്‍മ്മിപ്പിച്ചു
ജീ‍വിതം ഒരു ഗ്രില്ലിനു
മുകളിലെന്നുനെടുവീര്‍പ്പിട്ടു

കെ ഫ് സി യിലെ കോഴി
ഫാക്ടറിയില്‍ നിര്‍മ്മിക്കപ്പെടുന്ന
മാംസവും എല്ലും മാത്രമുള്ള പിണ്ഡമെന്നറിഞ്ഞപ്പോള്‍ ‍ഓക്കാനിച്ചു
തോടുപൊട്ടിച്ച കരച്ചില്‍
‍കോഴിക്കുഞ്ഞുങ്ങളായി വിരിഞ്ഞിറങ്ങി

സന്ധ്യയില്
‍പിക്ക് അപ്പില്‍ കയറ്റി പോകുന്നതൊഴിലാളികള്
‍അറവുമൃഗമെന്ന് പതുക്കെ പറഞ്ഞു
ഒന്നിനു മീതെ ഒന്നായി കട്ടിലുകളിട്ട ശീതികരിച്ച മുറി
മോര്‍ച്ചറിയാണെന്നു വേദനിച്ചു

2
അവന്‍ തിരിച്ചുപോകുന്ന വൈകുന്നേരം

'ഹോട്ട് ഡോഗ്'
പേരില്‍ വല്ലാത്ത താപം
മലയാളത്തിലേക്കു വിവര്‍ത്തിച്ചവന്‍ ചിരിച്ചു
പേപ്പട്ടിയെന്നു ഞാന്‍ തിരുത്തി

നാലു കാലുകള്‍ ഛേദിച്ചനായപോലെ
അതു മലര്‍ന്നു
പകുത്ത നീളന്‍ ബ്രെഡിനു നടുവില്‍
‍ചോരയില്‍ കുതിര്‍ന്ന സോസേജ്

ആണ്മയില്‍പ്പൊതിഞ്ഞ
ഉദ്ധരിക്കുമ്പോഴേ ഛേദിക്കപ്പെട്ട ലിംഗം
സ്വയം മുറിച്ചിട്ടചൂണ്ടു വിരല്‍

ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പ്
പാത്രത്തിലൊരു
ശില്പം പോല്‍കിടന്നു

Thursday, January 22, 2009

ബര്‍ദുബായിലെ ദൈവം



മൌനപ്രാര്‍ത്ഥനാ നിര്‍ഭരമായഅമ്പലത്തിനുള്ളില്‍
‍ഇറക്കുമതി ചെയ്തതണുത്തൂറഞ്ഞ നിശ്ശബ്ദ്ധതയെ
എന്റെ മൊബൈല്‍ കീറിമുറിച്ചു

ശത്രുവിനെപ്പോലെഏവരും തുറിച്ചുനോക്കി
പിടിക്കപ്പെട്ടവനെപ്പോലെമുഖം കുനിച്ചു ഞാനതു നിര്‍ത്തി


അല്പ നേരത്തിനുശേഷം
ഷിര്‍ദ്ധിസായിയുടെവെളുത്ത പ്രതിമക്കുമുന്‍പില്
‍വെളുത്തവസ്ത്രം ചുറ്റിയ
NIKE യുടെ തൊപ്പിയിട്ട
ചെറുപ്പക്കാരനായശാന്തിക്കാരന്റെ മൊബൈല്‍
ശാന്തിമന്ത്രത്തിന്റെ റിമിക്സ് ഉരുവിട്ടു
ഏവരും തുറിച്ചു നോക്കി

ആരെയും കൂസാതെ
അവന്‍ സംസാരിച്ചു തുടങ്ങി
ഭഗവാന്‍ , ആപ് കൈസാ ഹെ ബഹുത്ത് ദിന്‍ ഹോഗയാ
അങ്ങനെ അങ്ങനെ

ദൈവം ഏതു മൊബൈലായിരിക്കുംഉപയോഗിക്കുക
അതായിരുന്നു ഭക്തരുടെ ചര്‍ച്ച

Monday, January 19, 2009

കറുപ്പില്‍ വെളുപ്പില്‍


ചുവന്ന വെളിച്ചം
240 കിമി വേഗത്തെപിടിച്ചുകെട്ടിയില്ല
റൌണ്ട് എബൌടില്‍ആര്‍ക്കും കാത്തുനിന്നില്ല
യെല്ലോബോക്സിന്റെ
അതിര്‍ത്തിയില്‍ കെട്ടികിടന്നില്ല
വേഗസൂചക റഡാറുകളുടെ
വെടിവെക്കല്‍ വകവെച്ചില്ല


ആംബുലന്‍സിനോ
ഹെലികോപ്ടറുകള്‍ക്കോ
പിടിച്ചുകെട്ടാനായില്ല
ഹോളിവുഡ് നായകനെപ്പോലെ
BMW 528i 98 മോഡല്‍ കാറില്
‍അയാള്‍ കുതിച്ചുകൊണ്ടിരുന്നു

രോഷം വണ്ടിയുടെ വേഗമായി
ഉള്ളില്
‍കുഞ്ഞുങ്ങളുടെ പെണ്ണുങ്ങളുടെ
മുറിവേറ്റ ആണുങ്ങളുടെകരച്ചിലുകളായിരുന്നു
പാതിമരിച്ചവരെ ശവപ്പറമ്പിലേക്കുതള്ളാന്‍
കൊണ്ടുപോകുന്നവന്റെ മരവിപ്പോടെ
കാര്‍ പറപ്പിച്ചുകൊണ്ടിരുന്നു
അതിരുകള്‍ നോക്കാതെ
ഇനിയുമില്ലാത്ത ദൂരത്തിലേക്ക്
ലക് ഷ്യമില്ലാത്ത ലക് ഷ്യ് ത്തിലേക്ക്
എന്റെ രാജ്യമേ
എന്റെ രാജ്യമേ എന്നു ഉരുവിട്ടുകൊണ്ട്...

ഒടുവിലൊരു
കൂറ്റന്‍മക്ഡൊണാള്‍ഡിന്റെ സൈന്‍ബോര്‍ഡില്
‍അറിഞ്ഞോ അറിയാതെയോ
ഇടിച്ചു തകര്‍ന്നപ്പോള്
‍ഒന്നും അവശേഷിച്ചില്ല

അറ്റുപോയ ചതഞ്ഞ തല
ശിരോവസ്ത്രത്തിനോടൊപ്പം
ചതുരംഗക്കളം പോലെ
ചോരയില്‍ കുതിര്‍ന്നു കിടന്നു


ഒരു ചതുരംഗപ്പലക
ശിരസ്സിലേറ്റിപാഞ്ഞുപ്പോയ ഉടല്‍
‍എവിടെയോ
വേറിട്ടുപോയതിനെ തേടുന്നുണ്ട്